കണ്ണൂർ - ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന്റെ ഫോട്ടോ പോലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിലും മറ്റും ഉപയോഗിച്ച സംഭവത്തിൽ കോൺഗ്രസ് നിയമ നടപടികളിലേക്ക്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതികളിൽ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
പി.കെ.കുഞ്ഞനന്തനെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ഔദ്യോഗിക വാട്‌സ്ആപ്പ് സ്റ്റാറ്റസ്സാക്കുകയും ചെയ്ത പോലീസ് ഉദ്യേഗസ്ഥർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കെ.സുധാകരൻ എം.പി വ്യക്തമാക്കി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പോലീസുകാർ, പോലീസ് സേനക്കു തന്നെ അപമാനമാണ്.
കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ അനുകൂലിച്ചു പോസ്റ്റിട്ടത് നിയമ വിരുദ്ധമാണ്. ഈ ചട്ട ലംഘനത്തിനെതിരെ നടപടി വേണം. പോലീസുകാർക്കിടയിൽ പാർട്ടി പ്രവർത്തനം നടത്താൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വം തെളിവുകൾ സഹിതം ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്. ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സുധാകരൻ വ്യക്തമാക്കി.
പി.കെ. കുഞ്ഞനന്തൻ മരിച്ച ദിവസമാണ് കണ്ണൂരിലെ ചില പോലീസുകാർ തങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പിൽ ഫോട്ടോയിട്ടതും സോഷ്യൽ മീഡിയയിൽ അനുശേചനം രേഖപ്പെടുത്തിയതും. ഇതിനു പിന്നാലെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയത്.
കണ്ണൂർ കെ.എ.പി.ബറ്റാലിയനിലെ ഉദ്യോഗസ്ഥനും കണ്ണൂർ ഡിവൈ.എസ്.പിയുടെ ഗൺമാനുമായ കാഞ്ഞിരങ്ങാട്ടെ ഒ.പി.റനീഷ്, പോലീസുകാരായ അഖിൽ മേലേക്കണ്ടി, രതീഷ്, ഷിഹാബ് പി.സി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. പരാതി ലഭിച്ചിട്ടും തുടർ നടപടിയോ ഇവരിൽ നിന്നും വിശദീകരണമാരായുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് നിയമ നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെയും സതീശൻ പാച്ചേനി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.