കണ്ണൂർ - ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 75 ശതമാനം കേന്ദ്ര സർക്കാർ നൽകാൻ ഉത്തരവിട്ടതിനു പിന്നാലെ തുടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ഇതോടെ കണ്ണൂർ ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാവും. ജില്ലാ അതിർത്തിയായ കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള സ്ഥലങ്ങളിൽ വളരെ കുറച്ചു ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇത് ജുലൈ 31 നകം പൂർത്തിയാക്കേണ്ടതുണ്ട്. ആദ്യം നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന ഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള 526 കിലോമീറ്റർ ദേശീയ പാത 66, 13 റീച്ചുകളായാണ് വികസിപ്പിക്കുന്നത്. 45,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിന്റെ 75 ശതമാനം തുക കേന്ദ്രം നൽകും. ആദ്യഗഡു നേരത്തെ കൈമാറിയിരുന്നു. ദേശീയപാത 45 മീറ്ററിൽ നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ കണ്ണൂർ ജില്ലയിൽ ഏതാണ്ട് പൂർത്തിയായി. നിർമാണം പുരോഗമിക്കുന്ന മാഹി ബൈപ്പാസിനു പുറമെ, കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്. പരിയാരം മെഡിക്കൽ കോളേജിനു മുന്നിലെ 400 മീറ്ററും കല്യാശ്ശേരി പോളി ടെക്‌നിക്കിനു മുന്നിലെ 300 മീറ്ററും ഉൾപ്പെടെ 700 മീറ്റർ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിനുള്ള 3ഡി നോട്ടിഫിക്കേഷൻ ഇറങ്ങി. കീഴാറ്റൂർ ബൈപ്പാസ് ഉൾപ്പെടെയുള്ള ഭാഗത്തിന്റെ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം നേരത്തെ ഇറങ്ങിയിരുന്നു.
ദേശീയപാതാ വിഭാഗം തളിപ്പറമ്പ് ഓഫീസിനു കീഴിൽ വരുന്ന കരിവെള്ളൂർ മുതൽ പാപ്പിനിശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണം 80 ശതമാനം പൂർത്തിയായി. പുതുതായി 3ഡി വിജ്ഞാപനമിറങ്ങിയ കല്യാശ്ശേരി, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, കോറോം വില്ലേജുകളിൽ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കണ്ണൂർ ഓഫീസിന്റെ പരിധിയിൽ വരുന്ന മുഴപ്പിലങ്ങാട്, എടക്കാട്, ചെമ്പിലോട്, കടമ്പൂർ വില്ലേജുകളിൽ ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാര വിതരണം ഏറെക്കുറെ പൂർത്തിയായി. ചേലോറ, എളയാവൂർ വില്ലേജുകളിൽ വിതരണം നടന്നുവരികയാണ്. വലിയന്നൂർ, പുഴാതി, ചിറക്കൽ വില്ലേജുകളിൽ വിലനിശ്ചയിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
കുപ്പം മുതൽ കുറ്റിക്കോൽ വരെയുള്ള തളിപ്പറമ്പ് ബൈപ്പാസ്, കല്യാശ്ശേരി പോളിടെക്‌നിക്ക് മുതൽ കിഴുത്തുള്ളി പോലിസ് നഗർ കോളനി വരെയുള്ള കണ്ണൂർ ബൈപ്പാസ്, തലശ്ശേരി-മാഹി ബൈപ്പാസ് എന്നിവ കൂടി ഉൾപ്പെട്ടതാണ് ജില്ലയിലെ ദേശീയ പാതാ വികസനം. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യമുള്ള തലശ്ശേരി-മാഹി ബൈപാസിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി എന്നിവർ ചേർന്നാണ് നിർവഹിച്ചിരുന്നത്. 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന ബൈപ്പാസിന്റെ നിർമാണം ഈ വർഷം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പുഴകൾക്ക് കുറുകെ നാല് പാലങ്ങളും, വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഒമ്പത് അണ്ടർ പാസുകളും, ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന മൂന്ന് അണ്ടർപാസുകളും ഒരു റെയിൽവേ മേൽപ്പാലവുമാണ് തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്നത്. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലിപ്പുഴ, മാഹി തുടങ്ങിയവാണ് പ്രധാന പാലങ്ങൾ. ഇതിൽ അഞ്ചരക്കണ്ടി, കുയ്യാലിപ്പുഴ പാലങ്ങളുടെ പൈലിംഗ് പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ധർമ്മടത്ത് 60 ശതമാനം പൂർത്തീകരിച്ചു. 56 ബോക്സ് കൾവേർട്ടുകളും 38 പൈപ്പ് കൾവേർട്ടുകളുമാണ് ബൈപ്പാസുമായി ബന്ധപ്പെട്ടുള്ളത്. ഇതിൽ 18 ബോക്സ് കൾവേർട്ടുകളുടെയും 16 പൈപ്പ് കൾവേർട്ടുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെടുന്ന കണ്ണൂർ-മൈസൂർ റോഡ് ദേശീയപാതയായി അംഗീകരിച്ചുകൊണ്ടുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനവും ജില്ലയുടെ ദേശീയപാതാ വികസനത്തിൽ നിർണായകമാവും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും തുടർ നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.