റിയാദ് - യെമനിലെ ഹൂത്തി മിലീഷ്യകൾ അസീർ പ്രവിശ്യയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ തൊടുത്തുവിട്ടതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് അപലപിച്ചു. കൊറോണ വൈറസ് മഹാമാരി നേരിടുന്നതിന് ലോകം തീവ്രശ്രമങ്ങൾ നടത്തുന്നതിനിടെയാണ് സൗദിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഹൂത്തികൾ ശ്രമിക്കുന്നത്. ഇതിലൂടെ സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രത മാത്മ്രല്ല, ഗൾഫ് മേഖലയുടെ മൊത്തം സുരക്ഷാ ഭദ്രതയാണ് ഹൂത്തികൾ ലക്ഷ്യം വെക്കുന്നത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് വിലക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഗൾഫ് സഹകരണ കൗൺസിൽ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. രാജ്യരക്ഷയും ഭദ്രതയും പൗരന്മാരുടെ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും ജി.സി.സി പിന്തുണക്കും. അന്താരാഷ്ട്ര സമൂഹം സ്വന്തം ഉത്തരവാദിത്വം വഹിച്ച്, മേഖലയിൽ സുരക്ഷയും സമാധാനവും തകർക്കാൻ തുടർച്ചയായി ശ്രമിക്കുന്ന ഹൂത്തി മിലീഷ്യകളെ നിലക്കു നിർത്തണമെന്നും ഡോ. നായിഫ് അൽഹജ്‌റഫ് ആവശ്യപ്പെട്ടു.