റിയാദ് - ഗാർഹിക തൊഴിലാളികൾക്ക് മാനസിക പരിശോധന നിർബന്ധമാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ഇഖാമക്കുള്ള വ്യവസ്ഥകളുടെ ഭാഗമായി വേലക്കാർക്ക് മാനസിക പരിശോധന നിർബന്ധമാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം പ്രാവർത്തികമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഏകോപനം നടത്തണമെന്നും ശൂറ ആവശ്യപ്പെട്ടു.
മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വിശകലനം ചെയ്യുന്നതിനിടെയാണ് വേലക്കാർക്ക് മാനസിക പരിശോധന നിർബന്ധമാക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ഗാർഹിക തൊഴിലാളികൾക്കിടയിൽ വർധിച്ച തോതിൽ റിപ്പോർട്ട് ചെയ്യുന്നതാണ് ഇഖാമ അനുവദിക്കുന്നതിനു മുമ്പായി വേലക്കാരുടെ മാനസികാരോഗ്യ നില പരിശോധനകളിലൂടെ ഉറപ്പു വരുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ശൂറാ കൗൺസിലിനെ പ്രേരിപ്പിച്ചത്.
സൗദിവൽക്കരണം ബാധകമാക്കിയ ചില വ്യാപാര സ്ഥാപനങ്ങളിലും ചില തൊഴിലുകളിലും വിദേശികൾ തുടരാനുള്ള കാരണങ്ങൾ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുകയും ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണുകയും വേണം. സാങ്കേതിക വൈദഗ്ധ്യവും മറ്റും ആവശ്യമില്ലാത്ത ചില നിസ്സാര തൊഴിലുകളിൽ വിദേശ സൂപ്പർവൈസർമാർ തുടരുന്ന പ്രശ്‌നത്തിനും മന്ത്രാലയം പരിഹാരം കാണണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ശൂറാ കൗൺസിൽ അംഗം ഡോ. സുൽത്താൻ ആലുഫാരിഅ് ഇതുമായി സംബന്ധിച്ച് സമർപ്പിച്ച ശുപാർശകൾ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനും ജോലികളിൽ പ്രവേശിക്കാനും പ്രാപ്തരാക്കി മാറ്റുന്ന നിലക്ക്, സാമൂഹികക്ഷേമ പദ്ധതി ഗുണഭോക്താക്കളിൽ പുനരധിവാസത്തിന് യോഗ്യരായവരെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ, തൊഴിൽ, സാങ്കേതിക പരിശീലന പ്രോഗ്രാമുകൾക്ക് രൂപം നൽകി നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം സഹകരിക്കണം. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളുടെ സാമ്പത്തിക, സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെയും സേവനങ്ങളുടെയും സ്വാധീനം വിലയിരുത്തുന്നതിനും പദ്ധതികളിലും സേവനങ്ങളിലും അവരുടെ സംതൃപ്തി അളക്കുന്നതിനും പഠനം നടത്തണമെന്നും ശൂറാ കൗൺസിൽ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഡേകെയർ സെന്ററുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഡേകെയർ സെന്ററുകളുടെ നിലവാരം ഉയർത്തണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.