കൊച്ചി- പ്രളയഫണ്ട് തട്ടിപ്പ്, സി.പി.എം നേതാവിന്റെ ആത്മഹത്യ, അനധികൃത സ്വത്ത് സമ്പാദനം, വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ആരോപണ വിധേയനായ സി.പി.എം കളമശേരി എരിയ സെക്രട്ടറി സക്കീർ ഹുസൈനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ സി.പി.എം നിയോഗിച്ചിരുന്നു. സി.എം ദിനേശ് മണി, വി.ആർ മുരളീധരൻ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇവരുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.
ഇന്ന് ചേർന്ന ജില്ലാ കമ്മറ്റി യോഗമാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ജില്ലാ കമ്മറ്റിയിൽ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇതിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി വേണം. സക്കീറിനെതിരെ നേരത്തെയും പാർട്ടിക്കകത്ത് നിന്നും പുറത്തുനിന്നും നിരവധി പരാതി ജില്ലാ കമ്മറ്റിക്ക് കിട്ടിയിരുന്നു.