ദുബായ്- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സന്നദ്ധ സംഘങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂം. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്. യുഎഇ ആകാശ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ 'ദൃഢനിശ്ചയവും വിശ്വാസവും ഉള്ളിടത്ത് അസാധ്യം എന്നൊന്നില്ല' എന്ന ദുബായ് വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ഉദ്ധരണിയോടെയാണ് വീഡിയോ തുടങ്ങുന്നത്.
'യു.എ.ഇക്ക്, നമ്മുടെ ജനതക്ക്, നമ്മുടെ ധീര പ്രവര്‍ത്തകര്‍ക്ക്' എന്ന വാക്യത്തിലാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ദുബായ് ഫ്രെയിം എന്നിവിടങ്ങളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അടിയന്തിര സേവന പ്രവര്‍ത്തകരുടെ കരഘോഷത്തിനിടയില്‍ 'ഒരുമിച്ച് നിന്ന് ശക്തി കൂട്ടാം' എന്ന ശൈഖ് ഹംദാന്റെ സ്വന്തം വാക്കുകളോടെ വീഡിയോ അവസാനിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയാനുള്ള അടിയന്തര സേവന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ഈയാഴ്ച ശൈഖ് ഹംദാന്‍ നന്ദി പറഞ്ഞിരുന്നു. ആരോഗ്യസംരക്ഷണ തൊഴിലാളികളെയും ഈ ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും ''ഇന്നത്തെ ഏറ്റവും മികച്ച സൈനികര്‍'' എന്നാണ് ദുബായ് കിരീടാവകാശി വിശേഷിപ്പിച്ചത്. അവരുടെ നിരന്തരമായ 'നിസ്വാര്‍ത്ഥത' അപാരമായ ധൈര്യമാണെന്നും 'സേവനത്തിന്റെയും ത്യാഗത്തിന്റെയും' അര്‍ത്ഥം പുനര്‍നിര്‍വചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.