തിരുവനന്തപുരം- ഇന്ധനവില വർധനയിലൂടെ രണ്ടരലക്ഷം കോടിയുടെ അധികവരുമാനമാണ് കേന്ദ്ര സർക്കാരിന് ഉണ്ടായിരിക്കുന്നതെന്നും കോവിഡിൻെറ മറവിൽ കേന്ദ്രസർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു.
മോഡി സർക്കാർ അധികാരത്തിൽവന്ന 2014 മേയിൽ പെട്രോളിൻെറ നികുതി 9.48 രൂപയായിരുന്നത് മൂന്നരമടങ്ങ് വർദ്ധിപ്പിച്ച് 32.89 രൂപയാക്കി. ഡീസലിൻെറ നികുതി 3.56 രൂപയായിരുന്നത് ഒൻപതു മടങ്ങ് വർദ്ധിപ്പിച്ച് 31.83 രൂപയാക്കി. ഇങ്ങനെ ഇതിനകം അഞ്ചുലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് പിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാലയളവിൽ ക്രൂഡ് ഓയിലിൻെറ വില ബാരൽ ഒന്നിന് 105 ഡോളറായിരുന്നത് 38 ഡോളറായി ചുരുങ്ങി. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിൻെറ നേട്ടം ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടായിട്ടില്ല. ക്രൂഡ് ഓയിലിൻെറ വിലയിടിഞ്ഞപ്പോൾ ഇന്ത്യയിലെ വില ഉയരുകയാണുണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.