മലപ്പുറം- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി അടക്കം യു.ഡി.എഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാൻ മുസ്ലിം ലീഗ് തീരുമാനം. കീഴ്ഘടകങ്ങൾക്ക് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. വെൽഫെയർ പാർട്ടിയുമായി സഹകരണത്തിനുള്ള ചർച്ചകൾ നടക്കുന്നതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപീകരിക്കണമെന്നാണ് മുസ്‌ലിം ലീഗ് ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നത്. 'യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറുള്ളതും നമുക്ക് സഹകരിക്കാൻ പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ നീക്കുപോക്കുകൾ നടത്താവുന്നതാണ്.
ആവശ്യമുള്ളിടത്ത് പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർഥികളെ പരിഗണിച്ചും തെരഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. യുഡിഎഫിലെ ഘടകക്ഷികൾ തമ്മിൽ പരസ്പരം മത്സരം പാടില്ല. യുവാക്കൾക്ക് പ്രഥമ പരിഗണന നൽകണം. ഒരു വീട്ടിൽ നിന്നും ഒരു സ്ഥാനാർത്ഥി മതി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്നും സർക്കുലറിൽ നിർദേശം നൽകി.