Sorry, you need to enable JavaScript to visit this website.

ഫുജൈറയിൽ വാണിജ്യ, ആരോഗ്യ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുന്നു

ഫുജൈറ- പൊതുജനാരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫുജൈറയിൽ വാണിജ്യം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന തുടരുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ആറു മാസത്തിനകം 38 ഷോപ്പുകൾക്ക് പിഴ ഈടാക്കിയതായി ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി അറിയിച്ചു. 396 ഓളം ഔട്ട്‌ലെറ്റുകൾക്ക് വാണിംഗ് നോട്ടീസും നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ താലിബ് അബ്ദുല്ല പറഞ്ഞു.
നഗരത്തിലുടനീളമുള്ള ഷോപ്പുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഇൻസ്റ്റിറ്റിയൂട്ടുകൾ എന്നിവയിലാണ് സിവിൽ ഇൻസ്പെക്ടർമാർ ഈ വർഷം ആദ്യ പകുതിയിൽ റെയ്ഡുകൾ നടത്തിയത്. എൻജിനീയറിംഗ് നിയന്ത്രണ വിഭാഗം 626 പരിശോധന കാമ്പയിനുകളിലായി നിയമം ലംഘിച്ച 128 ഔട്ട്‌ലെറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യനിയന്ത്രണ വിഭാഗം 1386 പരിശോധനകൾ നടത്തി 167 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ്‌നൽകുകയും 167 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു.
ആരോഗ്യവിഭാഗം 890 സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 40 വാണിംഗ് നോട്ടീസുകൾ കൈമാറി. പരിസ്ഥിതി നിയന്ത്രണ വിഭാഗം ആറ് പരിശോധന കാമ്പയിനുകളാണ് നടത്തിയത്. വെറ്ററിനറി കൺട്രോൾ സെൽ 937 റെയ്ഡുകൾ നടത്തി, എട്ട് ഔട്ട്‌ലെറ്റുകൾക്കെതിരെ പിഴ ചുമത്തുകയും 14 വാണിംഗ് നോട്ടീസ്  കൈമാറുകയും ചെയ്തുവെന്നും താലിബ് അബ്ദുല്ല പറഞ്ഞു.
പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും നിയമലംഘനം തടയുന്നതിനും എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായി റെയ്ഡുകൾ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News