തിരുവനന്തപുരം- രണ്ടിരട്ടിയിലേറെ തുക വന്ന വൈദ്യുതിബില്ലുകളിൽ അനങ്ങാപ്പാറ നയവുമായി സർക്കാരും കെ.എസ്.ഇ.ബിയും റഗുലേറ്ററി കമ്മീഷനും. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണക്ഷനുകൾ വിച്ഛേദിക്കരുതെന്ന് നിർദ്ദേശം നൽകിയെങ്കിലും ബില്ലുകൾ മാറ്റി നൽകാനോ പരാതികൾ പരിഹരിക്കാനോ കെ.എസ്.ഇ.ബിയും സർക്കാരും തയ്യാറാകുന്നില്ല. നിരവധി പ്രമുഖരാണ് വൈദ്യുതി ബില്ലിനെതിരെ പരാതിയുമായി രംഗത്തെത്തുന്നത്.
ബില്ലിംഗിൽ അപാകതയില്ലെന്നാണ് കെ.എസ്.ഇ.ബി ആവർത്തിക്കുന്നത്. ദൈ്വമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ റീഡിംഗ് എടുക്കേണ്ടതാണ്. എന്നാൽ പലയിടത്തും 90 ദിവസത്തിലേറെ കഴിഞ്ഞാണ് റീഡിങിനായി എത്തിയത്. ഇതോടെ പലരുടേയും വൈദ്യുതി ഉപയോഗം കൂടി. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടായിരുന്നവർക്ക് പോലും സബ്‌സിഡി നഷ്ടമായി ഉയർന്ന സ്ലാബിലേയ്ക്ക് മാറി. ഇതോടെ വൈദ്യുതി ബിൽ മൂന്ന് ഇരട്ടിയിലധികമായി. നിരക്ക് കുത്തനെ കൂടിയത് ചോദ്യം ചെയ്തുള്ള പരാതികളിൽ 95 ശതമാനവും കെ.എസ്.ഇ.ബി തള്ളിക്കളഞ്ഞു. അഞ്ച് ശതമാനത്തിൽ മാത്രമാണ് കഴമ്പുള്ളതെന്നാണ് കെഎസ്ഇബിയുടെ വാദം.
ലോക്ഡൗണിൽ പൂട്ടിക്കിടന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കുപോലും കണ്ണ് തള്ളുന്ന ബില്ലാണ് വന്നത്. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം പതിവിലും കൂടുതലാണ്. ഇത് കൂടാതെ ലോക്ഡൗൺ കാലത്ത് കുടുംബാംഗങ്ങളെല്ലാം വീട്ടിൽ തന്നെ തങ്ങിയതും കൂടി ആയതോടെ വൈദ്യുതി ഉപയോഗം കൂടുതലായി. കെ.എസ്.ഇ.ബി റീഡിംഗ് എടുക്കാൻ കൂടി വൈകിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഇങ്ങനെയൊരു പ്രത്യേക സാഹചര്യത്തിൽ വൈദ്യുതി ബില്ലിങ് സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണണമായിരുന്നു. ഇതിൽ എന്തെങ്കിലും നീക്കുപോക്കുകൾ ബന്ധപ്പെട്ടവർ ചെയ്തിരുന്നെങ്കിൽ സ്ഥിതി ഇത്രയും വഷളാകുമായിരുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.