ദുബായ്- അകാലത്തില്‍ പൊലിഞ്ഞ ഉറ്റചങ്ങാതിയുടെ പേരില്‍ കേരളം മുഴുവന്‍ രക്തദാനത്തിന് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കാന്‍ സുഹൃത്തുക്കളുടെ തീരുമാനം.
കഴിഞ്ഞദിവസം മരിച്ച ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ യു.എ.ഇ കോഡിനേറ്ററും ഇന്‍കാസ് യൂത്ത് വിംഗ് പ്രവര്‍ത്തകനുമായിരുന്ന നിതിന്‍ ചന്ദ്രന്റെ സുഹൃത്തുക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ആപ്പിന്റെ പ്രഖ്യാപനം നടത്തിയത്.
ഇന്‍കാസ് യൂത്ത് വിംഗ് യു.എ.ഇ പ്രസിഡന്റ് ഹൈദര്‍ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. ഹൃദയാഘാതംമൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം ഇതു സംബന്ധിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. ഇന്‍കാസ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും വിവിധ എമിറേറ്റുകളില്‍ നടത്തി.