തിരുവനന്തപുരം- കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള യു.ഡി.എഫ് കരാർ പാലിക്കാത്ത കേരളാ കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിനെതിരെ നടപടിക്ക് സാധ്യത. ഇനിയുള്ള പ്രസിഡന്റ് കാലാവധി കരാർ അനുസരിച്ച് പി.ജെ.ജോസഫ് വിഭാഗത്തിന് ലഭിക്കേണ്ടതാണ്. എന്നാൽ ജോസ് കെ.മാണി വിഭാഗം അതിന് തയ്യാറാകാത്തത് യു.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് ഉണ്ടാക്കിയ കരാർ ജോസ് കെ. മാണിയെകൊണ്ട് അനുസരിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് വിഭാഗം കോൺഗ്രസിനോടും യു.ഡി.എഫ് നേതൃത്വത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ജോസ് കെ. മാണി വിഭാഗം തള്ളിയാൽ അവർക്കെതിരെ നടപടി ആവശ്യമായിവരും. ഇത് തന്നെയാണ് ജോസ് കെ. മാണി വിഭാഗം ആഗ്രഹിക്കുന്നതും.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് നിലനിർത്തുകയും യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറുകയും ആകാം. കെ.എം.മാണി ജിവിച്ചിരുന്നകാലത്തുതന്നെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരാൻ വലിയ നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ അത് സാധ്യമായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ജോസ് കെ. മാണിയെ എൽ.ഡി.എഫിനൊപ്പം കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്. കേരളാ കോൺഗ്രസിലെ പ്രബല വിഭാഗങ്ങളിലൊന്നിനെ ഒപ്പം കൂട്ടാനായാൽ യു.ഡി.എഫിന്റെ ശക്തി ക്ഷയിപ്പിക്കാൻ കഴിയും.
എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിനൊപ്പം ചേർന്ന പി.ജെ. ജോസഫ് വിഭാഗത്തെ തിരികെ കിട്ടാനുള്ള സാധ്യത വിരളമാണ്. പി.ജെ. ജോസഫ് കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുകയുമാണ്. ജോസഫ് വിഭാഗത്തിന് മൂന്ന് എം.എൽ.എമാരും ജോസ് കെ. മാണി വിഭാഗത്തിന് രണ്ട് എം.എൽ.എയുമാണുള്ളത്. ജനതാദൾ പിളർന്നപ്പോൾ എൽ.ഡി.എഫിനൊപ്പം നിന്ന വിഭാഗം കരുത്താർജ്ജിക്കുകയുണ്ടായി. ഈ വഴിയെ തങ്ങൾക്കും ജോസഫ് വിഭാഗത്തിന് മേൽ ശക്തിയാർജ്ജിക്കാനാകുമെന്നാണ് ജോസ് കെ.മാണി വിഭാഗം കണക്കുകൂട്ടുന്നത്. കേരളാ കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണ പിള്ളയും മകനും എം.എൽ.എയുമായ കെ.ബി. ഗണേഷ്‌കുമാറും കേരളാ കോൺഗ്രസിലെ ഭിന്നത മുതലെടുക്കാനായി കാത്തിരിക്കുകയാണ്.
ജോസ് കെ. മാണി വിഭാഗത്തെ എൽ.ഡി.എഫിലെത്തിക്കാനവർക്ക് കഴിഞ്ഞേക്കും. ഇത് മുൻകൂട്ടി കണ്ടാണ് കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ ബാലകൃഷ്ണപിള്ളയെ കണ്ടത്. ബാലകൃഷ്ണ പിള്ളയും മകനും യു.ഡി.എഫിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന് കനത്ത പരിക്കേൽപ്പിച്ചതിൽ ഇവർക്കുള്ള പങ്ക് വളരെ വലുതാണുതാനും. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെയും ജോസഫ് വിഭാഗത്തിനെയും യോജിപ്പിക്കാൻ അണിയറയിൽ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. എന്നാലത് വിജയിക്കുമോയെന്ന് പറയാനാകാത്ത സാഹചര്യമാണ്.