Sorry, you need to enable JavaScript to visit this website.

മഹാമാരിയുടെ മറവിൽ മനുഷ്യാവകാശ ധ്വംസനം- ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി ദേശീയ വെബിനാർ

 മക്ക- സൗദി അറേബ്യയിലെ  ഇന്ത്യൻ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മടങ്ങുക സ്രഷ്ടാവിലേക്ക്  ഓൺലൈൻ ദേശീയ തല കാമ്പയിനിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. ദൽഹിയിൽ നടന്നു വരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ 'മഹാമാരിയുടെ മറവിൽ മനുഷ്യാവകാശ ധ്വംസനം' എന്ന പേരിലായിരുന്നു വെബിനാര്‍.

പൗരത്വ ബില്ലിനെതിരെ നടന്ന ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയവരെ തിരഞ്ഞു പിടിച്ചു കേസിൽ കുടുക്കി ജാമ്യം നൽകാതെ ജയിലിൽ അടക്കുകയാണ് ചെയ്യുന്നതെന്നും, ജനാധിപത്യ വിശ്വാസികൾ ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ ഒറ്റകെട്ടായി അണിനിരന്നത് ഫാഷിസ്‌റ് ശക്തികളെ പ്രകോപിപ്പിക്കുകയും ലോകം മുഴുവൻ കോവിഡിനെതിരിൽ പ്രതിരോധം തീർക്കുമ്പോൾ അതിന്റെ മറവിൽ പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നതെന്നും വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ച  പാർലമെന്റ് അംഗം ഇ.ടി  മുഹമ്മദ് ബഷീർഎം.പി  പറഞ്ഞു. യു എ പി എ പോലുള്ള കരിനിയമങ്ങൾ ചുമത്തി ഗർഭിണിയായ വിദ്യാർത്ഥിനിയെയും മറ്റു സ്ത്രീകളെയും മാസങ്ങളായി ജാമ്യം നിഷേധിച്ചു തുറുങ്കിലടച്ചത് കടുത്ത മനുഷ്യവക്ഷ ലംഘനമാണെന്നും കേവലം ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്, ദൽഹിയിൽ ഏകപക്ഷീയമായി നടന്ന കലാപത്തിന്റെ സത്യസന്ധമായ റിപ്പോർട്ട് സമർപ്പിക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്തതിന്റെ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ യിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പടർന്നു പന്തലിച്ച സമരങ്ങൾക്ക് തുടക്കം കുറിച്ചത് കാമ്പസുകളിലെ പുതിയ തലമുറയായിരുന്നു എന്നത് അധികാരികളുടെ ഉറക്കം കെടുത്തി. ഇനി അത്തരം സമരങ്ങൾ ഇല്ലാതാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

ദൽഹി കലാപത്തിലെ ഇരകൾക്കു വേണ്ടി മുൻനിരയിൽ നിലകൊള്ളുന്ന യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, ദൽഹി കലാപത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പീഡനങ്ങൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്നു അഭിപ്രായപ്പെട്ടു. തികച്ചും ഏകപക്ഷീയമായി പാർലമെന്റ് അംഗങ്ങളുടെ പോലും ആഹ്വാനംഅനുസരിച്ചു നടന്ന വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നതെന്നും പത്തൊമ്പത് പള്ളികൾ തകർക്കപ്പെടുകയും അമ്പത്തിആറിലേറെ പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത കലാപത്തിന്റെ പേരിൽ അതിനു ആഹ്വാനം ചെയ്തവർക്ക് എതിരിൽ നടപടികളെടുക്കാതെ ഇരകൾക്ക് നേരെ പ്രതികാര നടപടികൾ കൈകൊള്ളുകയാണെന്നും, കോവിഡിന്റെ പശ്ചാത്തലത്തിൽ പൗരത്വ ബില്ലിനെതിരിൽ ഉണ്ടായത് പോലുള്ള സമരങ്ങൾ ഉണ്ടാകില്ലെന്ന ധൈര്യത്തിലാണ് നടപടികളെന്നും, ജനാധിപത്യ വിശ്വാസികൾ സമര രംഗത്തു നിന്നും പിന്മാറാൻ പാടില്ലെന്നും ഇനിയൊരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഒരുങ്ങാൻ സമയമായെന്നും അദ്ദേഹം പ്രസ്താവിച്ചു.
യു എ പി എ എന്ന കരിനിയമത്തിന്റെ ചരിത്രവും നിലവിലെ സർക്കാർ അതിൽ ദുരുദ്ദേശപരമായി കൂട്ടിച്ചേർത്ത വ്യക്തതയില്ലാത്ത വകുപ്പുകളും അതെല്ലാം ഫാഷിസ്റ്റ് കക്ഷികൾ അവർക്കെതിരിൽ സംസാരിക്കുന്നവർക്ക് നേരെ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുന്നു എന്നും സുപ്രീം കോടതി അഭിഭാഷകൻ അഡ്വ : ഹാരിസ് ബീരാൻ വിശദീകരിച്ചു. അതിദാരുണമായ അവസ്ഥയിൽ പീഡനങ്ങൾ സഹിക്കുന്ന വിദ്യാർത്ഥി നേതാക്കൾക്കെതിരിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ പോലും എത്ര ബാലിശമാണെന്നും, എന്നിട്ടും കോടതികൾ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഏറാൻമൂളികളായി മാറിക്കൊണ്ട് കേവല ജാമ്യം പോലും അനുവദിക്കാതിരിക്കുന്നത് അത്ഭുതകരമാണെന്നും ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
.
പാർലമെന്റ് അംഗം കെ മുരളീധരൻ, ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രമേൽ രൂക്ഷമാകുന്നതിനു കാരണം ഇന്ത്യ ഗവണ്മെന്റിന്റെ രാഷ്ട്രീയ കുതിര കച്ചവടത്തിന് വേണ്ടിയുള്ള ആസൂത്രിത നിലപാടുകളായിരുന്നുവെന്നും, ആദ്യഘട്ടത്തിൽ തന്നെ വേണ്ട വിധം നിയന്ത്രണങ്ങൾ കൊണ്ട് വരാതെ പാർലമെന്റും നിയമസഭകളും സമ്മേളിക്കുകയും ഭരണ അട്ടിമറികൾ നടത്തുകയുമാണ് കേന്ദ്രം ചെയ്തതെന്നും കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാനാവാത്ത വിധം എം പി മാരുടെ ഫണ്ട് റദ്ദാക്കുകയും ഈ പകർച്ചവ്യാധിയെ പോലും വർഗീയത വളർത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയുമാണ് അവർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

നേരിട്ടുള്ള സമരപരിപാടികൾ നടക്കാത്ത നിലവിലെ സാഹചര്യത്തിൽ ഇത്തരം ഓൺലൈൻ വേദികളിലൂടെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ചേർത്ത് പിടിച്ചു കൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവരുടെ അജണ്ടകളിൽ മനുഷ്യാവകാശ നിഷ്‌കാസനങ്ങൾ കൊണ്ട് വരണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷറഫ് അഭ്യർത്ഥിച്ചു. മുഖ്യധാരാ മാധ്യമങ്ങളിൽ ഇത്തരം വിഷയങ്ങൾ വാർത്ത ചെയ്യപ്പെടാത്തത് ഖേദകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. .


നവോദയ ദേശീയ കമ്മിറ്റി അംഗം വി.കെ റഊഫ്,  സൗദി ഒ ഐ സി സി ദേശീയ കമ്മിറ്റി പ്രസിഡന്റ് പി എം നജീബ്, സൗദി കെ എം എം സി സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്ങള എന്നിവരും സംസാരിച്ചു. റിയാദ് ഇസ്ലാഹി കോ ഓർഡിനേഷൻ കമ്മിറ്റി സാരഥി  അഡ്വ : ഹബീബ് റഹ്മാൻ മോഡറേറ്റർ ആയിരുന്നു.

 

Latest News