കൽപറ്റ-കയറിക്കിടക്കാൻ കെട്ടുറപ്പുള്ള വീടായതിന്റെ ആഹ്ലാദത്തിൽ 25 കുടുംബങ്ങൾ. പനമരം കരിമ്പുമ്മലിലെ പീപ്പിൾസ് വില്ലേജിൽ സൗജന്യമായി വീടു ലഭിച്ച നിർധന കുടുംബങ്ങളാണ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിൽ. 2018 ലെ പ്രളയത്തിന്റെ ഇരകളാണ് ഈ കുടുംബങ്ങൾ. ഭവന സ്വപ്‌നം യാഥാർഥ്യമാക്കിയതിനു ഇവർ ഉള്ളുനിറഞ്ഞു നന്ദി പറയുകയാണ് ദൈവത്തിനും പീപ്പിൾസ് ഫൗണ്ടേഷനും. കുറിച്യർ മലയിലെ 15 ഉം പനമരം പുഴക്കരയിലെ പത്തും കുടുംബങ്ങളാണ് വീടുകളുടെ അവകാശികളായത്. സാങ്കേതിക കാരണങ്ങളാൽ സർക്കാർ സഹായം ലഭിക്കാത്തവരെയാണ് ഫൗണ്ടേഷൻ പീപ്പിൾസ് വില്ലേജിന്റെ ഗുണഭോക്താക്കളാക്കിയത്. 2012 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് പീപ്പിൾസ് ഫൗണ്ടേഷൻ.
ഫൗണ്ടേഷൻ 2018 ൽ പ്രഖ്യാപിച്ച പ്രളയാനന്തര പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് കരിമ്പുമ്മലിലെ പീപ്പിൾസ് വില്ലേജ്. രണ്ടു കിടപ്പു മുറികളും അനുബന്ധ സൗകര്യങ്ങളും ഉള്ളതാണ് വില്ലേജിലെ ഓരോ വീടും. ഒന്നിനു ആറര ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പ്രീ സ്‌കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്ഥലം തുടങ്ങിയവ 2.7 ഏക്കർ വിസ്തീർണമുള്ള വില്ലേജിന്റെ ഭാഗമാണ്. റോഡ്, വെള്ളം, വൈദ്യുതി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ രാവിലെ 11 നായിരുന്നു പീപ്പിൾസ് വില്ലേജിന്റെ ഉദ്ഘാടനം. ഫൗണ്ടേഷൻ 2018 ൽ പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. പദ്ധതിയിൽ പങ്കാളിത്തം വഹിച്ചവരെയും ഗുണഭോക്താക്കളെയും അദ്ദേഹം അഭിനന്ദിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻെ പ്രവർത്തനം രാജ്യത്തിനു തന്നെ മാതൃകയാണെന്നു പറഞ്ഞു. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ വിപുലമായ പദ്ധതികൾ സമർപ്പണ ബോധത്തോടെ നടത്തേണ്ടിവരുമെന്നു അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി പീപ്പിൾസ് വില്ലേജ് സമർപ്പണം നടത്തി. കുടുംബങ്ങൾ വീട്ടിലും പുറത്തും സഹകരിച്ചും സ്‌നേഹിച്ചും ജീവിക്കുന്നതു സമൂഹത്തിൽ വെളിച്ചം പരത്തുമെന്നു അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വയനാട് എം.പി രാഹുൽ ഗാന്ധിക്കുള്ള ഉപഹാരം ടി.ആരിഫലി ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കു കൈമാറി. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്.സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ ആശംസ അറിയിച്ചു.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, എ.ഡി.എം. യൂസഫ്, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. പദ്ധതി പൂർത്തീകരണത്തിനു ജില്ലാ ഭരണകൂടം നൽകിയ സേവനങ്ങൾക്കുള്ള ഉപഹാരം ജില്ലാ കലക്ടർക്കു വേണ്ടി ചെയർമാൻ എം.കെ.മുഹമ്മദലിയിൽനിന്നു എ.ഡി.എം ഏറ്റുവാങ്ങി. പദ്ധതിക്കു സാമ്പത്തിക സഹായം നൽകിയ വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ എസ്.എ.പി. സലാം, പദ്ധതി നിർവഹണത്തിനു മേൽനോട്ടം വഹിച്ച എൻജിനീയർ ഷബീർ അഹമ്മദ്, നിർമാണം നടത്തിയ അനാർക് ബിൽഡേഴ്‌സ് ഡയറക്ടർ മുഹമ്മദ് ലൈസ് എന്നിവർക്കും ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ് നന്ദിയും പറഞ്ഞു.