നെടുമ്പാശ്ശേരി- ലോക്ഡൗൺ ഇളവുകളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുനരാരംഭിച്ച ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസ് നടക്കുന്നത് ഇന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി ഒമ്പത് അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് കൊച്ചിയിലെത്തും. മധ്യ ഏഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ നിന്നുള്ള 171 പേർ ഉൾപ്പെടെ 1620 പ്രവാസികളെത്തും.
താജിക്കിസ്ഥാനിൽ നിന്നും കൊച്ചിയിലേക്ക് പ്രവാസികളുമായി വന്ന മൂന്നാമത്തെ വിമാനമാണ് ഇന്നലെയെത്തിയത്. നേരത്തേ അർമേനിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളെത്തിയിരുന്നു. കുവൈത്തിൽ നിന്ന് നാല് വിമാനങ്ങളിലായി 720 പ്രവാസികളെത്തും. അബുദാബി, ദോഹ, ദമാം എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും എത്തും.
ഇന്നലെ 1158 ഓളം പ്രവാസികൾ കൊച്ചിയിലെത്തി. 560 പേർ കൊച്ചിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കും യാത്ര തിരിച്ചു. 1158 അന്താരാഷ്ട്ര യാത്രക്കാരും ഇന്നലെ സിയാൽ മുഖേന യാത്ര ചെയ്തു. മുൻ നിശ്ചയപ്രകാരം എല്ലാ വിമാനങ്ങളും സർവീസ് നടത്തി.