കണ്ണൂർ- കൊലപാതക കേസിൽ ശിക്ഷിച്ച പ്രതിക്ക് പോലീസുകാരുടെ ആദരവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ചീഫിന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പരാതി നൽകി. കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനും കണ്ണൂർ ഡിവൈ.എസ്.പിയുടെ ഗൺമാനുമായ റനീഷ് ഒ.പി കാഞ്ഞിരങ്ങാട്, പോലീസുകാരായ അഖിൽ മേലെക്കണ്ടി, രതീഷ്, ഷിഹാബ് പി.സി എന്നിവർക്കെതിരെയാണ് കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.
റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്ത കേസിൽ ഗൂഢാലോചന കുറ്റത്തിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിമൂന്നാം പ്രതി കുഞ്ഞനന്തൻ കഴിഞ്ഞ ദിവസം മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി കുറ്റവാളിയുടെ ചിത്രം സഹിതം ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിരോധത്തിന്റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽ സലാം എന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടുകയും വാട്‌സ്ആപ് സ്റ്റാറ്റസ് ആയി സെറ്റ് ചെയ്യുകയും ചെയ്ത് കൊലക്കേസ് പ്രതിയോട് ആദരവ് കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
കൊലക്കേസ് ഗൂഢാലോചന കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നീതിന്യായ വ്യവസ്ഥ കുറ്റക്കാരനായി കാണുകയും ശിക്ഷിക്കുകയും ചെയ്ത ജീവപര്യന്തം തടവുകാരനെ മരണ ശേഷം മഹത്വവൽക്കരിക്കാനും ശിക്ഷിച്ച നീതിന്യായ കോടതിയുടെ നടപടി ഫാസിസം ആണെന്ന് ധ്വനിപ്പിക്കുകയും ചെയ്ത് നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും പ്രചരണം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനവും നിയമ വിരുദ്ധ പ്രവൃത്തിയുമാണെന്ന് പരാതിയിൽ പറയുന്നു.
സർവീസിൽ ഇരുന്നുകൊണ്ട് നിയമ ലംഘനം നടത്തുകയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലെ രാഷ്ട്രീയ പ്രചാരണം നടത്തുകയും കോടതി വിചാരണയും ശിക്ഷാവിധിയും ഫാസിസമാണെന്ന് പരസ്യമായി എഴുത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് ഗുരുതരമായ കുറ്റകൃത്യം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും ഉചിതമായ ക്രിമിനൽ നിയമ നടപടികൾ കൈക്കൊണ്ട് നീതി ഉറപ്പു വരുത്തണമെന്നും സതീശൻ പാച്ചേനി ജില്ലാ പോലീസ് ചീഫ് യതീഷ് ചന്ദ്രക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.