രക്തം നൽകൂ, ലോകത്തെ കൂടുതൽ ആരോഗ്യകരമായ സ്ഥലമാക്കൂ എന്ന മനോഹരമായ മുദ്രാവാക്യവും സുരക്ഷിതമായ രക്തം ജീവൻ രക്ഷിക്കുന്നു എന്ന സുപ്രധാനമായ പ്രമേയവും ഉയർത്തിപ്പിടിച്ചാണ് ഈ വർഷം ലോക രക്തദാന ദിനം ആചരിക്കുന്നത്.
സാർവത്രിക ആരോഗ്യ പരിരക്ഷക്കും ഫലപ്രദമായ ആരോഗ്യ സംവിധാനങ്ങളുടെ നിലനിൽപിനും സുരക്ഷിതമായ രക്തവും മറ്റു രക്ത ഉൽപന്നങ്ങളും അത്യാവശ്യമാണ്. ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട രക്തസ്രാവവും മലേറിയയും പോഷകാഹാരക്കുറവും മൂലം കടുത്ത വിളർച്ചയുള്ള കുട്ടികൾ, രക്തം, അസ്ഥി മജ്ജ തകരാറുകൾ, ഹീമോഗ്ലോബിന്റെ പാരമ്പര്യ വൈകല്യങ്ങൾ, രോഗപ്രതിരോധ ശേഷി എന്നിവയുള്ള രോഗികൾ, അത്യാഹിതങ്ങൾ, ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയിൽ പരിക്കേറ്റ ആളുകൾ, ഒപ്പം നൂതന മെഡിക്കൽ, സർജിക്കൽ നടപടിക്രമങ്ങൾക്ക് വിധേയരായ രോഗികൾ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ രക്തം ആവശ്യമായി വരാം.
എന്നാൽ സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത ഇപ്പോഴും എളുപ്പമല്ല. കുറഞ്ഞതും ഇടത്തരവുമായ മിക്ക രാജ്യങ്ങളും സുരക്ഷിതമായ രക്തം ലഭ്യമാക്കാൻ പാടുപെടുന്നു, കാരണം രക്തദാനം കുറവാണ്, രക്തം പരിശോധിക്കാനുള്ള ഉപകരണങ്ങൾ വിരളമാണ്. ആഗോള തലത്തിൽ, 42% രക്തം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാത്രമാണ് ആവശ്യത്തിന് രക്തം ശേഖരിക്കപ്പെടുന്നത്. അവ ലോക ജനസംഖ്യയുടെ 16% മാത്രമാണ്.
പണം വാങ്ങാതെ സ്വമേധയാ രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ സുരക്ഷിത രക്തത്തിന്റെ മതിയായ വിതരണം ഉറപ്പാക്കാൻ കഴിയൂ. അതുകൊണ്ടാണ് 2005 ലെ ലോകാരോഗ്യ അസംബ്ലി രക്തദാതാക്കൾക്ക് നന്ദി പറയുന്നതിനും കൂടുതൽ ആളുകൾക്ക് സൗജന്യമായി രക്തം നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പ്രത്യേക ദിനം നിശ്ചയിച്ചത്.
എല്ലാ വർഷവും ജൂൺ 14 നാണ് ലോക രക്തദാതാക്കളുടെ ദിനം നടക്കുന്നത്. രക്തദാതാക്കൾക്ക് നന്ദി പറയുന്നതിനൊപ്പം സുരക്ഷിതമായ രക്തത്തിന്റെ ആഗോള ആവശ്യകതയെക്കുറിച്ചും എല്ലാവർക്കും എങ്ങനെ സംഭാവന നൽകാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന ദിവസമാണിത്. എ ബി. ഒ. ബഌഡ് ഗ്രൂപ്പിംഗ് സിസ്റ്റം കണ്ടുപിടിച്ച് നൊബേൽ സമ്മാനം നേടിയ കാൾ ലാന്റ്‌സ്‌റ്റെയിനറുടെ ജന്മദിനമാണ് ജൂൺ 14.
രക്തം ദാനം ചെയ്യുകയും കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ അഭിനന്ദിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യുക, ജീവൻ രക്ഷിക്കാൻ ആവശ്യമുള്ളിടത്തെല്ലാം സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത വർധിപ്പിക്കേണ്ട അടിയന്തര ആവശ്യകതയെക്കുറിച്ച് വിശാലമായ അവബോധം വളർത്തുക, സുരക്ഷിതമായി രക്തം കയറ്റുന്നതിനുള്ള സംവിധാനം ലോകത്തെമ്പാടും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും എല്ലാവവർക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അനായാസമാക്കുകയും ചെയ്യുക. ദേശീയ രക്ത പരിപാടികളിൽ നിക്ഷേപം നടത്താനും ശക്തിപ്പെടുത്താനും നിലനിർത്താനും സർക്കാറുകൾക്കും വികസന പങ്കാളികൾക്കുമിടയിൽ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പിന്തുണ സമാഹരിക്കുക മുതലായവയാണ് ലോക രക്തദാന ദിന പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങൾ.
ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്‌ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണേഴ്‌സ് ഓർഗനൈസേഷൻസ്, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സഹകരിച്ചാണ് ഈ ദിനം ജനകീയമാക്കുന്നത്.
ആധുനിക ലോകത്ത് രക്തദാനത്തിന്റെ ആവശ്യകത ഏറെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. റോഡപകടങ്ങളും സർജറികളും മാത്രമല്ല നിരവധി വൈദ്യ ശാസ്ത്ര ആവശ്യങ്ങൾക്കും രക്തം ആവശ്യമായി വരുന്നു. സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ രക്തം ലഭിക്കണമെങ്കിൽ പണത്തിനോ മറ്റാവശ്യങ്ങൾക്കോ അല്ലാതെ മനുഷ്യ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രക്തം ദാനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ മുന്നോട്ടു വരണമെന്നാണ് ലോകാരോഗ്യ സംഘടന ആഗ്രഹിക്കുന്നത്.
2020 ഓടെ എല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള സന്നദ്ധ രക്തദാതാക്കളിൽ നിന്നും ലോകത്തിനാവശ്യമായ അളവിൽ ശുദ്ധവും സുരക്ഷിതവുമായ രക്തം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു പേകുന്നത്. സ്വമേധയാ സൗജന്യമായി രക്തം ദാനം ചെയ്യുന്ന മനുഷ്യ സ്‌നേഹികളുടെ സേവനങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ സമകാലിക ലോകത്തിന് കൈമോശം വന്നുപോകുന്ന മാനവികതയുടെ സന്ദേശത്തിന് ശക്തി പകരാനും ഈ ദിനം സഹായകമാണ്.
വൈദ്യശാസ്ത്രപരമായ നിരവധി കാര്യങ്ങൾക്ക് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും സാമ്പത്തിക ലാഭം ലാക്കാക്കി നിരവധി പേർ രക്തവിൽപന നടത്തുന്നത് ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്ത സാഹചര്യത്തിൽ 2005 ൽ ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് വർഷം തോറും ജൂൺ 14 രക്തദാന ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
രക്തദാനം പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ അകറ്റുകയുമാണ് രക്തദാന ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. രക്തജന്യ രോഗങ്ങൾ തടയുവാനും ഗുണനിലവാരമുള്ള രക്തം ലഭ്യമാക്കുവാനും സാധിക്കുന്നതോടൊപ്പം മാനവ സ്‌നേഹത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കുവാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രക്തദാനം വർഷം തോറും ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് രക്ഷിക്കുന്നത്. ജീവിതത്തിന്റെ നിലനിൽപിന് ഭീഷണിയായ പല സന്നിഗ്ധ ഘട്ടങ്ങളിലും രക്തദാനം ജീവൻ രക്ഷിക്കുകയും കൂടുതൽ കാലം ജീവിക്കുവാൻ സഹായിക്കുകയും ചെയ്യും. പക്ഷേ പല രാജ്യങ്ങളിലും ആവശ്യത്തിന് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ രക്തം ലഭ്യമല്ല എന്ന കണക്കുകളാണ് പുറത്തു വരുന്നത്. ഈ പശ്ചാത്തലത്തിലാണ് രക്തദാന ദിനാചരണം ഏറെ പ്രസക്തമാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 60 ശതമാനത്തോളം രാജ്യങ്ങളിലാണ് സന്നദ്ധ പ്രവർത്തകരിൽ നിന്നും സുരക്ഷിതവും ഗുണനിവലാരമുള്ളതുമായ രക്തം ലഭിക്കുന്നത്. ബാക്കി 40 ശതമാനം രാജ്യങ്ങളും ബന്ധുക്കളെയോ രക്തദാനം തൊഴിലാക്കിയവരെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തുകയും എല്ലാ രാജ്യങ്ങളിലും സൗജന്യമായ രക്തദാന സംവിധാനങ്ങൾ വ്യാപകമാക്കുകയുമാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.
മനുഷ്യ രക്തത്തിന് ഒരേ നിറമാണ്. അത് ദൈവ ദാനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെ പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും വേണ്ടി ദൈവം വ്യത്യസ്ത ഗോത്രങ്ങളും വർഗങ്ങളും ഭാഷക്കാരും വർണക്കാരുമൊക്കെയാക്കി മാറ്റിയപ്പോഴും രക്തത്തിന് ഏകനിറം നൽകിയതിന് പിന്നിൽ ഏകമാനവികതയുടെ മഹത്തായ സന്ദേശമാണ് നിഴലിക്കുന്നത്.
രക്തദാനം ജീവദാനം മാത്രമല്ല, മനുഷ്യ മനസ്സിലും സമൂഹത്തിലും ഏറെ ചലനങ്ങളുണ്ടാക്കുന്ന ഒരു പുണ്യകർമമാണത്. നാം ഒരാൾക്ക് രക്തം നൽകുമ്പോൾ എന്തു വിലകൊടുത്തും സ്വന്തം സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള ഒരു മനഃസ്ഥിതി നമ്മിൽ വളരുന്നു. ഇത് മനസ്സിലെ സ്വാർഥതയെ സംഹരിച്ച് പരാർഥതയെ പരിപോഷിപ്പിക്കുന്നു. ദാതാവും സ്വീകർത്താവും തമ്മിൽ, രക്തദാന സംരംഭങ്ങളുടെ വൈപുല്യമനുസരിച്ച്, സമൂഹത്തിലെ വിവിധ അംഗങ്ങൾ തമ്മിൽ ഗാഢവും സുദൃഢവുമായ ബന്ധം സ്ഥാപിക്കുവാൻ രക്തദാനത്തിന് കഴിയും. ആധുനിക സമൂഹത്തെ പിടികൂടിയിരിക്കുന്ന ഒറ്റപ്പെട്ടു പോവാനുളള പ്രവണതക്കെതിരെയുള്ള ശക്തമായ സമരമാണ് രക്തദാന സംരംഭങ്ങളിലൂടെ വളർന്നുവരുന്നത്.
മനുഷ്യരുടെയെല്ലാം രക്തം ഒരേ പോലെയാണ് കാണപ്പെടുന്നതെങ്കിലും എല്ലാ മനുഷ്യരുടേയും രക്തം ഒരേ തരത്തിലുള്ളതല്ല. രക്തം പ്രധാനമായും നാലു തരത്തിലുളളതാണ്. മനുഷ്യ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ആന്റിജൻ എന്ന പദാർഥത്തിന്റെ വ്യത്യാസത്തിനനുസരിച്ചാണ് രക്തഗ്രൂപ്പുകൾ മാറുന്നത്. ആന്റിജൻ എ, ബി എന്നിങ്ങനെ രണ്ട് ഇനമാണ്.
ചില മനുഷ്യരുടെ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ എ എന്ന ആന്റിജൻ മാത്രമേയുള്ളൂ. ഈ രക്തത്തിന് എ ഗ്രൂപ്പ് രക്തം എന്നാണ് പറയുക. അതേപോലെ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ ബി എന്ന ആന്റിജൻ മാത്രമുള്ള രക്തത്തെ ബി ഗ്രൂപ്പ് രക്തമെന്നാണ് വിളിക്കുക. ചിലരുടെ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ, എ, ബി എന്നീ രണ്ടു ആന്റിജനുകളും കാണും. ഇവരാണ് എബി രക്തഗൂപ്പുകാർ.
എന്നാൽ ചിലരുടെ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ എ, ബി എന്നീ രണ്ട് ആന്റിജനും കാണപ്പെടാറില്ല. ഈ രക്തത്തിന് ഒ ഗ്രൂപ്പ് രക്തം എന്നാണ് പറയുക. ഇന്ത്യയിൽ നടത്തിയ ചില സർവേയനുസരിച്ച് മൊത്തം ജനസംഖ്യയുടെ 40 ശതമാനം ഒ ഗ്രൂപ്പുകാരും 33 ശതമാനം ബി ഗ്രൂപ്പുകാരും 22 ശതമാനം എ ഗ്രൂപ്പുകാരും 5 ശതമാനം എ ബി ഗ്രൂപ്പുകാരുമാണ്. 1901 ൽ ലാന്റ് സ്‌റ്റെയിനർ എന്ന ശാസ്ത്രജ്ഞനാണ് ഇത്തരത്തിൽ രക്തം ഗ്രൂപ്പ് ചെയ്യുന്ന സമ്പ്രദായം ആദ്യമായി നടപ്പാക്കിയത്.
മറ്റൊരു തരത്തിലും രക്തം ഗ്രൂപ്പ് ചെയ്യാറുണ്ട്. ആർ എച്ച് എന്നറിയപ്പെടുന്ന ആന്റിജൻ ചുവന്ന രക്താണുക്കളിൽ ഉണ്ടോ എന്ന് നോക്കിയാണ് ഈ ഗ്രൂപ്പിംഗ്. ഇതിനെ ആർ എച്ച് ഗ്രൂപ്പിംഗ് എന്ന് വിളിക്കുന്നു. ആർ എച്ച് ആന്റിജൻ ഉള്ളവരെ പോസിറ്റീവ് രക്തമുള്ളവരെന്നും അതില്ലാത്തവരെ നെഗറ്റീവ് രക്തമുള്ളവരെന്നും വിളിക്കുന്നു. ഒരാളുടെ രക്ത ഗ്രൂപ്പ് പൂർണമായി അറിയണമെങ്കിൽ ആർ. എച്ച് ഗ്രൂപ്പ് കൂടി അറിയേണ്ടതുണ്ട്.
സാധാരണ ഗതിയിൽ ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് അതേ ഗ്രൂപ്പിൽപെട്ട രക്തമാണ് നൽകുക. എന്നാൽ ആവശ്യമുള്ള ഗ്രൂപ്പിലെ രക്തം ലഭ്യമല്ലെങ്കിൽ മിക്കവാറും എല്ലാ ഗ്രൂപ്പുകാർക്കും ഒ ഗ്രൂപ്പ് രക്തം നൽകാം. അതിനാൽ ഒ ഗ്രൂപ്പ് രക്തക്കാർ സർവദാതാവ് എന്നാണറിയപ്പെടുക. അതുപോലെ തന്നെ എ ബി ഗ്രൂപ്പ് രക്തക്കാർക്ക് ആ ഗ്രൂപ്പിൽപെട്ട രക്തം ലഭ്യമല്ലെങ്കിൽ മറ്റു ഏത് ഗ്രൂപ്പിൽപെട്ട രക്തവും സ്വീകരിക്കാം. എ ബി ഗ്രൂപ്പ് രക്തക്കാരെ സർവ സ്വീകർത്താവ് എന്ന് അറിയപ്പെടാനുള്ള കാരണമിതാണ്. മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിലേ ഈ രണ്ട് രീതികളും പരീക്ഷിക്കാറുള്ളൂ.
ഈ പ്രത്യേക വിഭാഗങ്ങളിലൊഴികെ ഒരു ഗ്രൂപ്പിൽപെട്ട വ്യക്തിക്ക് മറ്റേതെങ്കിലും ഗ്രൂപ്പിലുള്ള രക്തം നൽകിയാൽ മരണം വരെ സംഭവിക്കാം. ഒരു ഗ്രൂപ്പിലെ ചുവന്ന രക്താണുവിലെ ആന്റിജന് എതിരെ പ്രവർത്തിക്കുന്ന ആന്റി ബോഡി എന്നു പറയപ്പെടുന്ന ഒരു ഘടകം മറ്റേ ഗ്രൂപ്പ് രക്തത്തിൽ ഉള്ളതാണ് ഇതിന് കാരണം. ഈ ആന്റി ബോഡി രക്തത്തിലെ ദ്രാവക ഭാഗമായ പഌസ്മയിലാണ് .
ഓരോ ഗ്രൂപ്പുകാരന്റെയും രക്തത്തിൽ ആ ഗ്രൂപ്പിനെതിരായ ആന്റി ബോഡി ഉണ്ടായിരുന്നെങ്കിൽ ജീവൻ നിലനിൽക്കില്ലായിരുന്നു. അതിനാൽ സ്രഷ്ടാവ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. ഓരോ രക്ത ഗ്രൂപ്പുകാരിലും മറ്റു രക്ത ഗ്രൂപ്പിലെ ആന്റിജന് എതിരായ ആന്റി ബോഡിയാണ് ഉണ്ടാവുക. ഉദാഹരണത്തിന് എ ഗ്രൂപ്പ് രക്തത്തിൽ ആന്റി എ ഉണ്ടാവില്ല. ആന്റി ബി ഉണ്ടായിരിക്കും. അതുപോലെ ബി ഗ്രൂപ്പ് രക്തത്തിൽ ആന്റി ബി ഉണ്ടാവില്ല, ആന്റി എ യാണ് ഉണ്ടാവുക. എ ബി ഗ്രൂപ്പ് രക്തത്തിൽ ആന്റി എയോ ബി യോ ഉണ്ടായിരിക്കില്ല. എന്നാൽ ഒ ഗ്രൂപ്പ് രക്തത്തിൽ ആന്റി എയും ആന്റി ബിയും ഉണ്ടായിരിക്കും. ഓരോരുത്തരും തങ്ങളുടെ രക്ത ഗ്രൂപ്പ് അറിഞ്ഞിരിക്കണം. അത്യാവശ്യ ഘട്ടത്തിൽ ഒരു സഹജീവിക്ക് രക്തം നൽകാൻ അത് സഹായകമാകും. ഇനി നമുക്ക് തന്നെ രക്തം ആവശ്യമായി വരുമ്പോഴും ഈ അറിവ് ഏറെ ഉപകരിക്കും.