റിയാദ്- നജ്റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യ ബാലിസ്റ്റിക് മിസൈല്‍ അയച്ചു. ആകാശത്തുവെച്ച് തന്നെ അറബ് സഖ്യസേന മിസൈല്‍ തകർത്തതായി സൈനിക വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ എജന്‍സി എസ്.പി.എ റിപ്പോർട്ട് ചെയ്തു.
യെമനിലെ സഅ്ദയില്‍ നിന്നാണ് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. സഖ്യസേന തകര്‍ത്ത മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റതായും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഹൂത്തി മിലീഷ്യകള്‍ ഇതുവരെ സൗദി അറേബ്യ ലക്ഷ്യമിട്ട് 312 ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിട്ടുണ്ടെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.