കൊച്ചി- നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പോലീസ് കോടതിയിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചു. റിമി ടോമി അടക്കം അഞ്ചു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അപേക്ഷ നൽകിയത്. നേരത്തെ വിദേശത്ത് നടന്ന ഷോയിൽ ദിലീപിനൊപ്പം റിമിയുമുണ്ടായിരുന്നു.
അതിനിടെ, ദിലീപ് നൽകിയ അഞ്ചാമത് ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച്ച പൂർത്തിയായിരുന്നു. ഇന്ന് പ്രോസിക്യൂഷൻ വാദമാണ് പൂർത്തിയായത്. നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ ഇതാണ് അന്വേഷണസംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രോസിക്യൂഷൻ തിരിച്ചുപറഞ്ഞു.
നടിയെ അക്രമിക്കാൻ ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് പത്താം പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്നും സാക്ഷിയെ സ്വാധീനിക്കാൻ കാവ്യ മാധവന്റെ ഡ്രൈവർ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പൾസർ സുനി, കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയതായി മൊഴി നൽകിയ ആളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. സിനിമ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് പൾസർ സുനിക്ക് നൽകിയതെന്നും പൊലീസ് കേസായാൽ മൂന്ന് കോടി നൽകാമെന്ന് വാഗ്ദാനം നൽകിയതായും സുനി മൊഴിനൽകിയതായും പ്രോസിക്യൂഷൻ വാദിച്ചു. ഈ ക്വട്ടേഷനിലൂടെ 65 കോടി രൂപയുടെ നേട്ടം തനിക്കുണ്ടാവുമെന്ന് ദിലീപ് പറഞ്ഞതായും സുനി മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ സിംഗിൾബെഞ്ച് ഹർജി പരിഗണിക്കുമ്പോൾ തന്റെ വാദങ്ങൾക്കായി ഒന്നര മണിക്കൂർ വേണമെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കോടതി ഇതനുവദിച്ചു. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു ശേഷം കേസിന്റെ സാഹചര്യത്തിൽ എന്തുമാറ്റമാണുണ്ടായതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. കേസിൽ പ്രതിയാക്കുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന നടി കാവ്യാ മാധവനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയെന്നും അന്വേഷണം ഏറെക്കുറേ പൂർത്തിയായ സാഹചര്യത്തിൽ സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി
പൾസർ സുനി പറയുന്ന കഥകൾക്കു പിന്നാലെ പൊലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതു പൊലീസിന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്. മൊബൈൽ നശിപ്പിച്ചെന്ന മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല. തനിക്കെതിരെ എന്തൊക്കെ കുറ്റങ്ങളാണ് പൊലീസ് ആരോപിക്കുന്നതെന്ന് ദിലീപിന് അറിയില്ല. സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോൾ തെളിവായി ഒരു ഫോൺകോൾ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാൻ പൊലീസ് ശ്രമിക്കുന്നു.