കൊച്ചി- സുപ്രീം കോടതി നിർദ്ദേശിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും എൻ.ഐ.എ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഹാദിയയുടെ അച്ഛൻ കെ.എം അശോകൻ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ ഇങ്ങിനെ പറഞ്ഞത്. എൻ.ഐ.എയുടെ റിപ്പോർട്ട് വായിക്കാൻ തനിക്കും അവസരം ലഭിക്കുമെന്നും അതിന് ശേഷം ഒരു അച്ഛൻ എന്ന നിലക്കുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും അശോകൻ വ്യക്തമാക്കി.
താൻ എത്ര അപകടരമായ പാതയിലൂടെയാണ് സഞ്ചരിച്ചത് എന്നറിയാൻ എൻ.ഐ.എ റിപ്പോർട്ട് മകളെ സഹായിക്കും. ഹാദിയ കേസിൽ അടുത്ത മാസം മൂന്നിന് എൻ.ഐ.എ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്.
ഹാദിയയെ കാണാൻ ആരെയും അനുവദിക്കാത്തതിനെ തുടർന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം നേരിടുന്ന അശോകൻ ഇതാദ്യമായാണ് ഒരു മാധ്യമവുമായി സംസാരിക്കുന്നത്.
എന്റെ മകളാണ് എന്റെ ജീവിതം, എന്റെ സമ്പാദ്യവും അവളാണ്. മിശ്ര വിവാഹം നടത്തിയാൽ പോലും ഞാനത് അംഗീകരിക്കുമായിരുന്നു. അവൾ മതം മാറിയാലും എനിക്ക് പ്രശ്‌നമില്ല. എന്നാൽ ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ നിരവധി നിഗൂഢതകളുണ്ട്. പോപ്പുലർ ഫ്രണ്ടിന് ഇക്കാര്യത്തിൽ അജണ്ടയുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ നേതാവ് സൈനബയാണ് ഇക്കാര്യത്തിൽ പ്രവർത്തിച്ചത്. ആർ.എസ്.എസിന്റെ സഹായത്തോടെ മകളെ അവിടെനിന്ന് തട്ടിക്കൊണ്ടുപോകുമെന്ന് അഖിലയെ വിശ്വസിപ്പിച്ചു. അഖിലയുടെ ഫോൺ പോലും അവർ പിടിച്ചുവെച്ചു. ഒറ്റദിവസംകൊണ്ട് വിവാഹം നടത്തിയതിൽ പോലും നിഗൂഢതകളുണ്ടെന്ന് കോടതി പോലും അഭിപ്രായപ്പെട്ടു. ഷെഫിൻ ജഹാനുമായുള്ള അഖിലയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് കേസിൽ എൻ.ഐ.എ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
പത്തൊൻപത് വർഷം സൈന്യത്തിൽ ജോലി ചെയ്ത താൻ ഭരണഘടനയിലും നീതിപീഠത്തിലും വിശ്വസിക്കുന്നു. അതേസമയം, ഹാദിയ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരാമെന്ന് സമ്മതിച്ചതായി പുറത്തുവന്ന വാർത്തകൾ അശോകൻ നിഷേധിച്ചു. ഹാദിയയെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തൃപ്പൂണിത്തുറയിലെ ആർഷ വിദ്യാ സമാജം യോഗ സെന്ററിനെ സമീപിച്ചിരുന്നതായി അശോകൻ സമ്മതിച്ചു. 'അവിടെ നിന്ന് ഒരാൾ വന്ന് ഹാദിയയുമായി സംസാരിച്ചു. ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയ ആതിരയെ ഹാദിയയുമായി സംസാരിക്കാൻ ക്ഷണിച്ചിരുന്നു. ആതിരയുമായുള്ള കൂടിക്കാഴ്ച എന്റെ മകളെ അപകടത്തിൽ നിന്ന് തിരിച്ചു കയറാൻ സഹായിക്കുമെന്ന് ഞാൻ കരുതി'
താൻ നിരീശ്വരവാദിയാണെങ്കിലും ഭാര്യയും മകളും ക്ഷേത്രങ്ങളിൽ പോവുന്നതിനെയൊന്നും എതിർത്തിരുന്നില്ല. എന്നാൽ മകൾ ഒരു യുക്തിയുമില്ലാതെ സംസാരിക്കാൻ തുടങ്ങിയത് തന്നെ ഭയപ്പെടുത്തി. അവൾ തട്ടമിട്ടു ക്ലാസിൽ പോവാനും ഇസ്്‌ലാമിക പഠനത്തിനായി മഞ്ചേരിയിലെ സത്യസരണിയെ സമീപിച്ചെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2016 ജനുവരിയിൽ ഹൈക്കോടതിയിൽ ആദ്യ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. അവൾ അന്ന് പോപ്പുലർ ഫ്രണ്ടിന്റെ കസ്റ്റഡിയിൽ ആയിരുന്നു. കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയെങ്കിലും അന്നു മകൾ തന്റെ കൂടെ വന്നില്ല. എങ്കിലും ദിവസവും ഞാൻ മകളെ വിളിക്കുമായിരുന്നു, പലപ്പോഴും ദിവസം രണ്ടു തവണ വിളിക്കും.
കേരളത്തിൽനിന്നുള്ള 21 പേർ ഐ.എസിൽ ചേർന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് രണ്ടാമത്തെ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ജൂലൈയിലോ ഓഗസ്റ്റിലോ മകളോടു സംസാരിച്ചപ്പോൾ സിറിയയിൽ ആട് മേയ്ക്കാൻ പോകാൻ പദ്ധതിയുണ്ടോയെന്നു ചോദിച്ചിരുന്നു. പോകാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് അവൾ പറഞ്ഞത്. പഠനം തീരുംവരെ കാക്കാൻ കൂട്ടുകാർ ഉപദേശിച്ചതായും അവൾ പറഞ്ഞു. നിമിഷ, ബിന്ദു എന്നിവർ മതം മാറിയ ശേഷം ഐ.എസിൽ ചേർന്നു. എന്നാൽ അഖില ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്.
നേരത്തെ വീട്ടിൽ അഖിലയുമായി തർക്കങ്ങളുണ്ടാകാറുണ്ടായിരുന്നു. അത് ടെലിവിഷൻ കാണുന്നതിനെ പറ്റിയൊക്കെയായിരുന്നു. ഞാൻ വാർത്തകൾ കാണുന്നതിന് വേണ്ടി ടി.വിക്ക് മുന്നിലിരിക്കുമ്പോൾ അഖില ചാനൽ മാറ്റാൻ വേണ്ടി പറയും. തർക്കങ്ങളിൽ ഒടുവിൽ ആരെങ്കിലുമൊരാൾ വിജയിക്കും. അവധി ദിവസങ്ങളിൽ പുറത്തുപോകാനായിരുന്നു അഖിലക്ക് താൽപര്യം. എ്ന്നാൽ അമ്മക്ക് അവളെപ്പോഴും കൂടെവേണമെന്നും. ഏക മകളായത് കൊണ്ടുള്ള സ്‌നേഹക്കൂടുതലായിരുന്നു അത്.
''ഞാൻ ഒരു ചെത്തുകാരന്റെ മകനാണ്. എട്ടു മക്കളിൽ മൂന്നാമൻ. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ ബാധ്യതകൾ മൂലം പത്താം ക്ലാസിനു ശേഷം പട്ടാളത്തിൽ ചേർന്നു. അഞ്ചു സഹോദരിമാരെ വിവാഹം ചെയ്ത് അയച്ചതിനു ശേഷമാണ് സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചത്. അഖില എന്റെ ഏക മകളാണ്. അവൾക്ക് കഴിയാവുന്നതിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകണം എന്നതുകൊണ്ടാണ് ഒറ്റ മകൾ മതിയെന്നു വച്ചത്. അവളുടെ സൗകര്യങ്ങൾ മാത്രമാണ് ഞങ്ങൾ നോക്കിയത്. അവളുടെ മറ്റു കൂട്ടുകാരികളെല്ലാം ലോണെടുത്ത് പഠിച്ചപ്പോൾ മുഴുവൻ പണവും അടച്ചാണ് അഖിലയെ കോഴ്‌സിന് ചേർത്തത്. പട്ടാളത്തിൽനിന്നു വിരമിച്ചതിനു ശേഷം ഞാൻ ശിപായി ജോലി ചെയ്യുകയാണ്. എന്റെ എ.ടി.എം കാർഡ് ഇപ്പോഴും മകളുടെ കയ്യിലാണ്. ഇതേവരെ ഞാനത് തിരിച്ചുവാങ്ങിയിട്ടില്ല.
ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ്. എന്നാൽ എന്റെ പാർട്ടിയായ സി.പ.ിഐ ഈ കേസിൽ എന്നെ സഹായിച്ചില്ല. മറ്റു പലരും സഹായവുമായി വന്നു. വക്കീലന്മാർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, മറ്റു പാർട്ടികളുടെ നേതാക്കൾ. ബി.ജെ.പിയും ആർ.എസ്.എസുമാണ് എന്നെ കൂടുതൽ സഹായിച്ചത്. അതുകൊണ്ട് ഞാൻ ബി.ജെ.പിക്കാരൻ ആവണമെന്നില്ല. ഇനി ഞാൻ എന്താവുമെന്ന് പറയാനാവില്ല. ഞാൻ നിരാശാഭരിതനായ പിതാവാണ്, ആരു സഹായിച്ചാലും ഞാനത് സ്വീകരിക്കും. ബുദ്ധിജീവികളെയോ മനുഷ്യാവകാശ സംഘടനകളോയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം, എന്റെ പ്രശ്‌നം എന്റെ മകളാണ്. പലരും അതിൽ മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നുണ്ട് അശോകൻ പറഞ്ഞു.
''എന്നെ തോൽപ്പിച്ചാൽ ലക്ഷ്യം നേടാമെന്നാണ് മകൾ കരുതുന്നത്. എന്നാൽ കോടതിയുടെ അവസാനത്തെ ഉത്തരവ് വരെ ഞാൻ കാത്തിരിക്കും. മകൾ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. അശോകൻ പറയുന്നു.