മലപ്പുറം- വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പരസ്യമായ പ്രവർത്തനത്തില്ലെങ്കിലും പിന്തുണ ഇടതിനായിരിക്കുമെന്ന സൂചനയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം. സംസ്ഥാന സർക്കാറിന്റെ പ്രവർത്തനത്തിൽ പൂർണ തൃപ്തരാണെന്നും ഇക്കാര്യം അണികളെ അറിയിക്കുമെന്നും കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന മുസ്്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഇക്കാര്യം പറഞ്ഞത്. തീരുമാനം അണികളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു. വേങ്ങര മണ്ഡലത്തിൽ പതിനായിരം വോട്ടുകളുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ അവകാശവാദം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം ഇടതുമുന്നണിക്കൊപ്പമായിരുന്നു. ചില മണ്ഡലങ്ങളിൽ കാര്യമായ പ്രത്യക്ഷപ്രവർത്തനങ്ങളും നടത്തിയിരുന്നു. മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ ലീഗിലെ അഡ്വ.എൻ.ഷംസുദ്ദീനെ തോൽപ്പിക്കാൻ വേണ്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഷംസുദ്ദീന്റെ ഭൂരിപക്ഷം വർധിച്ച് 12,000ത്തിലെത്തി. മലപ്പുറം മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം നിലപാട് പരസ്യമാക്കിയിരുന്നില്ല.