Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനവും നിര്‍ബന്ധിത ജോലിയും തടയാന്‍ യു.എ.ഇയില്‍ നിയമം പരിഷ്‌കരിച്ചു

അബുദാബി- യുഎഇയില്‍ വീട്ടുവേലക്കാരികളുടെ പീഡനം തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം. 18 വയസ്സിനു താഴെയുള്ളവരെ വീട്ടുജോലിക്കു വെക്കുന്നതും നിര്‍ബന്ധിത ജോലിയും ലൈംഗിക പീഡനവും കര്‍ശനമായി തടയുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം.
പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമം. ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍വരും.
വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികള്‍ പുനഃക്രമീകരിക്കാന്‍ നിയമം ഏജന്‍സികള്‍ക്ക് ആറുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാവിധ ചൂഷണങ്ങളും തടയാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും.
തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കുന്ന നിയമം തൊഴിലാളികളും തൊഴില്‍ദാതാക്കളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് സ്വദേശീവത്കരണ മാനവശേഷി വികസനമന്ത്രി സഖര്‍ ഗൊബാഷ് സായിദ് ഗൊബാഷ് പറഞ്ഞു. അന്താരാഷ്ട്ര തൊഴില്‍നിയമ നിലവാരത്തിലേക്ക് യു.എ.ഇ. ഉയരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
*ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ്
*ആഴ്ചയില്‍ ഒരുദിവസത്തെ അവധിക്ക് അവകാശം
*വര്‍ഷത്തില്‍ 30 ദിവസം വേതനത്തോടെയുള്ള അവധി
*പാസ്പോര്‍ട്ടുകളടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശംവയ്ക്കാനുള്ള അവകാശം
*എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ ഒഴിവുസമയം
*തൊഴിലാളിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
*വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്
*രണ്ടുവര്‍ഷം കൂടുമ്പോള്‍ വീട്ടില്‍ പോയിവരാനുള്ള വിമാനടിക്കറ്റ് നല്‍കണം
*അനുയോജ്യമായ താമസസ്ഥലം
*തൊഴിലുടമയുടെ ചെലവില്‍ നല്ല ഭക്ഷണം
*വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചെലവില്‍ നല്‍കണം.
*ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, വിശ്രമസമയം തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം രാജ്യാതിര്‍ത്തി കടക്കുന്നതിനുമുന്‍പേ തൊഴിലാളികളെ പ്ലെയ്സ്മെന്റ് ഏജന്‍സികള്‍ അറിയിച്ചിരിക്കണം.
*എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണം.
* ശമ്പളത്തില്‍ നിന്ന് പണം പിടിക്കാന്‍ പാടില്ല. ഏതെങ്കിലും നാശ നഷ്ടത്തിന് പണം ഈടാക്കണമെങ്കില്‍ കോടതിയുടെ അനുമതി തേടണം.
*ആദ്യത്തെ ആറ് മാസത്തെ പ്രൊബേഷന്‍ പീരിയഡില്‍ തൊഴിലുടമ പിരിച്ചുവിട്ടാല്‍ പൂര്‍ണ ചെലവ് ഏജന്‍സി വഹിക്കണം
*തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ട്രിബ്യൂണലുകളെ സമീപിക്കാം. രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയിലേയ്ക്ക് കേസ് മാറും. കോടതി ചെലവുകള്‍ സൗജന്യം.
*ജോലി വിടുന്നതിന് മുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം
*ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഏജന്‍സിയുടെ കത്ത് മന്ത്രാലയത്തെ കാണിക്കണം. 

Latest News