ജൂൺ 5 ന് മക്കയിലുളള എഫ് ബി സുഹൃത്ത് ജെറുസലിന്റെ ഒരു വോയ്സ് മെസ്സേജ് " ഇക്കാ, തായിഫിലുള്ള ഒരു നേഴ്സിനും ഏതാനും ദിവസങ്ങൾ മാത്രം പ്രായമായ പിഞ്ചു പൈതലിനും അവരുടെ അമ്മക്കും എങ്ങിനെയെങ്കിലും ഒരു സീറ്റ് ചെയ്തുകൊടുക്കുവാൻ ശ്രമിച്ചാൽ ഉപകാരം. എന്റ കുടുംബത്തേക്കാൾ അർഹത അവർക്കാണ്, അവർ വളരെ കഷ്ടപ്പാടിലാണ്" ( കൂടുതൽ അർഹർ വരുമ്പോൾ വഴി മാറികൊടുക്കുന്ന ആ മനസ്സിന്ന് അറിയാതെ സലൂട്ട് നൽകി. അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയത് ചില അനർഹർ യാത്ര ചെയ്ത ദയനീയാവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കാത്തിരിക്കുന്നു).
കുറച്ചു കഴിഞ്ഞു അവരുടെ ഫോൺ വന്നു (സ്വകാര്യതക്ക് വേണ്ടി പേര് വെളിപ്പെടുത്തുന്നില്ല). കാര്യങ്ങൾ അനേഷിച്ചപ്പോൾ തായിഫിൽ നിന്നും കുറച്ച് ദൂരെയുള്ള ഒരു ഗ്രാമത്തിലെ ഹോസ്പിറ്റലിലെ നേഴ്സാണ്. ഏപ്രിൽ 4 ന് പോകുവാൻ ടിക്കറ്റെടുത്തിരുന്നു, പക്ഷെ ലോക്ക് ഡൗൺ ആയതുകൊണ്ട് യാത്ര മുടങ്ങി. റജിസ്ട്രേഷൻ അറിഞ്ഞയുടനെ എമ്പസിയിൽ റജിസ്റ്റർ ചെയ്തു. പക്ഷെ ചാൻസ് ലഭിച്ചില്ല. മേയ് അവസാനത്തിൽ പ്രസവിച്ചു, കുട്ടിക്ക് 18 ദിവസം മാത്രം പ്രായം. കൂടെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന അമ്മയും, ചില്ലറ അസുഖങ്ങളുമുണ്ട്, കൊണ്ടുവന്ന മരുന്നുകളും കഴിഞ്ഞു. ബേജാറിലാണ്. എക്സിറ്റിൽ എങ്ങിനെയെങ്കിലും നാട്ടിൽ പോകേണം. അതിനുള്ള സഹായമാണ് വേണ്ടത്.
പാസ്സ് പോർട്ടുകളിലെ പേരും നമ്പറും വാങ്ങി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ മുഹമ്മദ് നൂർ റഹ്‌മാൻ ഷേക്കിന് വിവരങ്ങൾ വെച്ച് വാട്ട്സ് അപ്പ് ചെയ്തു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഉടൻ " ശ്രമിക്കാം" എന്ന മറുപടി ലഭിച്ചു. സേവന സന്നദ്ധയുടെ ഉദാത്തമായ ഉദാഹരണം. ഫോളോഅപ്പിന്ന് വേണ്ടി കോൺസുലേറ്റിലെ മലയാളി ഉദ്യാഗസ്ഥനായ സുഹൃത്തിനും മെസ്സേജ് അയച്ചു കൊടുത്തു. അവരെ ജൂൺ12 ലെ ജിദ്ദ-തിരുവനന്തപുരം ഫ്ലൈറ്റിൽ സീറ്റ് നൽകിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഇവർ രണ്ടുപേർക്കുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
കുട്ടിക്ക് പാസ്സ്പോർട്ട് കോൺസുലേറ്റിൽ നിന്ന് ലഭിക്കണം, ബെർത്ത് സർട്ടിഫിക്കററ് ലഭിക്കണം, എക്സിറ്റ് ലഭിക്കണം... അങ്ങിനെ ഒരു പാട് കടമ്പകൾ. ആരും സഹായിക്കുവാനില്ലാത്ത ഒരു പ്രദേശത്ത് പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ അറിയാമല്ലോ. ഒരാഴ്ചക്കകം എല്ലാം ശരിയായില്ലെങ്കിൽ ഇന്ന് ( ജൂൺ 12) യാത്രചെയ്യാനും സാധ്യമല്ല (അവരെ നേരിൽ കണ്ടിട്ടില്ല).
ബെർത്ത് സർട്ടിഫിക്കറ്റിന് പോയപ്പോൾ ഓഫീസിലേക്ക് കയറ്റുന്നില്ലെന്ന് പറഞ്ഞു. തായിഫിലെ സുഹൃത്ത് മുഹമ്മദ് സാലിഹിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം തായിഫിലെ ഒരു അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്. സാലിഹ് തന്റെ ജോലിയിൽ നിന്ന് ലീവെടുത്ത് അവിടെ എത്തി സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തു. പാസ്സ്പോർട്ട് പെട്ടെന്ന് കിട്ടുവാൻ കോൺസുലേറ്റിൽ കോൺസുൽ മുഹമ്മദ് അലീമിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റേയും സാലിഹിന്റേയും സഹായത്തോടെ പാസ്സ്പോർട്ടും പെട്ടെന്ന് ലഭിച്ചു.
മുഹമ്മദ് സാലിഹിന്റെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തെയാണ് കോൺസുലേറ്റ് ടിക്കറ്റ് എടുത്തു കൊടുക്കുവാൻ ഉത്തരവാദിത്വമേൽപ്പിച്ചിരുന്നത് .ഒരു പാട് സേവനം അദ്ദേഹം ഈ കാര്യത്തിൽ ചെയ്തിട്ടുണ്ട്.
ദൈവാനുഗ്രഹം കൊണ്ട് ഇന്നത്തെ ജിദ്ദ- തിരുവനന്തപുരം വിമാനത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് അവർ യാത്ര പുറപ്പെട്ടു.
ഇത് ഇവിടെ എഴുവാനുള്ള കാരണം ഇതേ പോലെ നൂറുക്കണക്കിന് ആളുകളുടെ അവസ്ഥ ഇതേപോലെ അല്ലെങ്കിൽ ഇതിനേക്കാളും മോശമാണ്.
കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ഒരപേക്ഷ: സൗദി പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിച്ച് ഇവിടെ ആരോഗ്യപരമായും മാനസികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുമാൻ കൂടുതൽ വിമാനങ്ങൾ “ വന്ദേ ഭാരത് മിഷനി" ലൂടെ കുറഞ്ഞ നിരക്കിൽ സർവ്വീസ് ഏർപ്പെടുത്തേണം. ഇനിയും ആയിരക്കണക്കിന്ന് ആളുകൾ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. ചാർട്ടേർഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് പലർക്കും താങ്ങുവാൻ സാധ്യമല്ല. " ഗതി കെട്ടാൽ പുലി പുല്ലും തിന്നും " എന്ന് പറഞ്ഞതുപോലെയാണ് കടം വാങ്ങിയിട്ടും പലരും ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്.
നാം തിരഞ്ഞെടുത്ത ജന പ്രതിനിധികൾ കൂടി ഈ കാര്യത്തിൽ കാര്യക്ഷമമായി ശ്രമിക്കേണമെന്നപേക്ഷിക്കുന്നു.
ശുഭ പ്രതീക്ഷയോടെ,