തൃശൂര്‍- കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള വൈറസ് വ്യാപനം ആളുകളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. ഇന്ന് വൈകീട്ടോടെയാണ് യോഗം ചേരുക. ഇതിന് ശേഷം എന്തൊക്കെ വിധത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ ധാരണയാകും.
ഇന്നലെ സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് തൃശൂരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലുപേര്‍ കോര്‍പ്പറേഷന്‍ മാലിന്യനിര്‍മാര്‍ജന തൊഴിലാളികളും നാലുപേര്‍ സെന്‍ട്രല്‍ വെയര്‍ഹൗസ് ഗോഡൗണിലെ തൊഴിലാളികളുമാണ്.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അടക്കം അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം ജില്ലയില്‍ 25 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ പതിനാല് പേര്‍ക്ക് സമ്പര്‍ക്കമായിരുന്നു രോഗകാരണം. എന്നാല്‍ 14 പേരുടെ സമ്പര്‍ക്ക പട്ടിക ഇതുവരെ ആരോഗ്യവകുപ്പിന് തയ്യാറാക്കാന്‍ സാധിച്ചില്ല. ഗുരുതരമായ സാഹചര്യമാണ് തൃശൂരില്‍ നിലനില്‍ക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.