റിയാദ് - ജുമുഅ നമസ്‌കാരത്തിന് പള്ളികള്‍ നേരത്തെ തുറക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചു. നമസ്‌കാര സമയത്തിന് 40 മിനിറ്റു മുമ്പാണ് മസ്ജിദുകള്‍ തുറക്കുക. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ രീതി തുടരും. മക്ക, ജിദ്ദ നഗരങ്ങളില്‍ നിലവില്‍ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് വിലക്കുണ്ട്.
കഴിഞ്ഞയാഴ്ച ജുമുഅക്ക് 20 മിനിറ്റു മുമ്പാണ് മസ്ജിദുകള്‍ തുറന്നിരുന്നത്. തിരക്ക് ഒഴിവാക്കാന്‍ ശ്രമിച്ച്, ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച പ്രോട്ടോകോളുകളുടെ ഭാഗമായാണ് പള്ളികള്‍ ജുമുഅയുടെ 40 മിനിറ്റ് മുമ്പ് തുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും നഗരങ്ങളിലും ജുമാമസ്ജിദുകളിലെ തിരക്ക് കുറക്കുന്നതിന് കൂടുതല്‍ മസ്ജിദുകളില്‍ നാളെ മുതല്‍ താല്‍ക്കാലികമായി ജുമുഅ ആരംഭിക്കാനും ഇസ്‌ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ 3,869 മസ്ജിദുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച താല്‍ക്കാലികമായി ജുമുഅ ആരംഭിച്ചിരുന്നു. ഇവക്കു പുറമെയാണ് നാളെ മുതല്‍ കൂടുതല്‍ മസ്ജിദുകളില്‍ ജുമുഅ നടത്തുന്നത്.