Sorry, you need to enable JavaScript to visit this website.

റനിയയിൽ രൂക്ഷമായ ജലക്ഷാമം

റനിയയിലെ ടാങ്കർ ജലവിതരണ കേന്ദ്രത്തിലെ തിരക്ക്

ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട റനിയയിൽ രൂക്ഷമായ ജലക്ഷാമം. കഴിഞ്ഞ റമദാനിൽ ആരംഭിച്ച ജലക്ഷാമത്തിന് ഇതുവരെ ശമനമായിട്ടില്ല. ജലക്ഷാമം മുതലെടുത്ത് റനിയയിൽ കരിഞ്ചന്ത സജീവമായിട്ടുണ്ട്. കരിഞ്ചന്തയിൽ ടാങ്കർ വെള്ളത്തിന് രണ്ടിരട്ടി വരെയാണ് നിരക്ക്. ഒന്നര മാസമായി തുടരുന്ന ജലക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഇടപെടണമെന്ന് പ്രദേശവാസികൾ അപേക്ഷിച്ചു. 


ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്യുന്ന റനിയയിലെ ജലവിതരണ കേന്ദ്രത്തിൽ ദിവസേന 1000 ഘനമീറ്റർ വെള്ളം മാത്രമാണ് എത്തുന്നത്. റനിയ ജലവിതരണത്തിന് നീക്കിവെച്ച വെള്ളത്തിന്റെ അളവിലെ കുറവാണ് പ്രദേശത്തെ ജലക്ഷാമത്തിന് കാരണം. സമീപത്തെ മറ്റു പ്രദേശങ്ങളിലെ ജലവിതരണ കേന്ദ്രങ്ങളിൽ ദിവസേന 16,000 ത്തോളം ഘനമീറ്റർ വെള്ളം എത്തുന്നുണ്ട്. 
പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം മുടങ്ങുന്നതിനാൽ പ്രദേശവാസികൾ ടാങ്കർ ജലവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ ജലവിതരണ കേന്ദ്രത്തിൽ എത്തുന്ന വെള്ളത്തിന്റെ കുറവ് കാരണം ടാങ്കർ വെള്ളം ലഭിക്കാൻ മൂന്നു ദിവസം വരെ കാത്തിരിക്കേണ്ടിവരികയാണ്. പ്രതിസന്ധി കാരണം കരിഞ്ചന്തയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരിഞ്ചന്തയിൽ രണ്ടിരട്ടി വരെ ഉയർന്ന നിരക്കിലാണ് ടാങ്കർ വെള്ളം വിൽക്കുന്നത്. കരിഞ്ചന്തയിൽ ഒരു ടാങ്കർ വെള്ളത്തിന് 300 റിയാൽ വരെയായി നിരക്ക് ഉയർന്നിട്ടുണ്ട്. 


രണ്ടിരട്ടി അധികം പണം നൽകി വെള്ളം സംഘടിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണ്. കഴിഞ്ഞ റമദാൻ മുതൽ ഇതാണ് സ്ഥിതി. പ്രതിസന്ധി മൂലം ഉയർന്ന നിരക്കിൽ ഭൂഗർഭ ജലം സ്വീകരിക്കാനും നിർബന്ധിതരാകുന്നുണ്ട്. ഭൂഗർഭ ജലം ആരോഗ്യത്തിന് ഹാനികരമായേക്കും. വേതനത്തിന്റെ നല്ലൊരു പങ്കും കരിഞ്ചന്തയിൽ നിന്ന് വെള്ളം വാങ്ങാനാണ് ചെലവഴിക്കപ്പെടുന്നത്. 
കരിഞ്ചന്തയിൽ നിയമ ലംഘകരാണ് നിരക്കുകൾ നിശ്ചയിക്കുന്നത്. ഇത് ആരും നിരീക്ഷിക്കുന്നില്ല. ദീർഘനേരം കാത്തിരുന്നിട്ടാണ് വെള്ളം ലഭിക്കുന്നത് എന്ന കാരണം പറഞ്ഞാണ് കരിഞ്ചന്തക്കാർ കൂടിയ നിരക്ക് ആവശ്യപ്പെടുന്നത്. പ്രദേശവാസികളെ ആഹ്ലാദത്തിലാക്കി വർഷങ്ങൾക്കു മുമ്പാണ് റനിയയിൽ ശുദ്ധീകരിച്ച സമുദ്രജലം വിതരണം ചെയ്യാൻ തുടങ്ങിയത്. എന്നാൽ ജലക്ഷാമം മൂലം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മക്കാ ഗവർണർക്കും തൃപ്തിയാകില്ല. റനിയയിൽ വിതരണത്തിന് നീക്കിവെച്ച വെള്ളത്തിന്റെ അളവ് ഉയർത്താൻ ഗവർണർ ഇടപെടണം. ടാങ്കർ ജലവിതരണ കേന്ദ്രം ശക്തമായി നിരീക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

Latest News