തിരുവനന്തപുരം-കാസർകോട് നിർദിഷ്ട സിൽവർ ലൈൻ റെയിൽ പാതക്ക് സിസ്ട്ര സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 531 കി. മീറ്റർ ദൂരത്തിലാണ് പാത നിർമിക്കുക. മണിക്കൂറിൽ 180 മുതൽ 200 കി. മീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിനകം കാസർകോട്ടും എത്തിച്ചേരാം. ഒമ്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു തരം ക്ലാസുകൾ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂർത്തിയാകും. കൊച്ചി എയർപോർട്ട് ഉൾപ്പെടെ 11 സ്റ്റേഷനുകൾ ഉണ്ടാകും. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാൽക്കൃത ബാങ്കുകൾ എന്നിവരെ സമീപിക്കുന്നതിന് കെ റെയിലിന് നിർദേശം നൽകി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ കെ റെയിലിന് അനുവാദം നൽകി.