കൊച്ചി- പ്രവാസികളുടെ മക്കൾക്ക് മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കേരളത്തിൽ എത്താനാവില്ലന്നും പരീക്ഷ മാറ്റി വെക്കുകയോ അല്ലങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാണ് ഹർജിയിലെ ആവശ്യം.
പ്രവാസിയായ അബ്ദുൽ അസീസ് ആണ് പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. വിദേശത്ത് സെന്റർ അനുവദിച്ചില്ലങ്കിൽ വിദ്യാർഥികൾക്ക് പരീക്ഷാ എഴുതാനാവില്ലന്നും ഒരു വർഷം നഷ്ടപ്പെടുമെന്നും ഹർജിയിൽ പറയുന്നു. എൻജിനീയറിംഗ് മെയിൻ പരീക്ഷക്ക് ഖത്തറിലടക്കം വിദേശത്ത് സെന്ററുകൾ അനുവദിച്ചിരുന്നു. മെഡിക്കൽ പരീക്ഷക്ക് സെന്ററുകൾ അനുവദിക്കാത്തത് വിവേചനപരമാണ്. വിദേശത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും ശശി തരൂർ എം.പിയും ആവശ്യപ്പെട്ടിട്ടും നടപടിയില്ലന്നും ഹർജയിൽ പറയുന്നു.