Sorry, you need to enable JavaScript to visit this website.

വില വർധന പ്രതീക്ഷിച്ച്‌ പെട്രോൾ വിൽപനക്ക് വിസമ്മതിച്ച ബങ്കുകൾക്ക് പിഴ

തായിഫിൽ ഇന്ധനം വിൽക്കാൻ വിസമ്മതിച്ച പെട്രോൾ ബങ്കിന്റെ പേരിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുന്നു. വലത്ത്: പെട്രോൾ ബങ്കിലെ ഇന്ധന ടാങ്ക് മന്ത്രാലയ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു. 

തായിഫ്- ആഗോള വിപണിയിൽ എണ്ണ വില ഉയർന്ന പശ്ചാത്തലത്തിൽ സൗദിയിലും ഇന്ധന വില ഉയർത്താനുള്ള സാധ്യത മുൻനിർത്തി ഇന്ധനം വിൽക്കാൻ വിസമ്മതിച്ച ബങ്കുകൾക്ക് തായിഫ് വാണിജ്യ മന്ത്രാലയ ശാഖ പിഴകൾ ചുമത്തി. ബങ്കുകളിലെ മീറ്ററുകളിൽ ഒന്നിന് ആയിരം റിയാൽ തോതിലാണ് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയത്. ഇന്നു മുതൽ കൂടിയ വിലക്ക് വിൽക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നഗരത്തിലെ പെട്രോൾ ബങ്കുകൾ ഇന്നലെ ഇന്ധന വിൽപനക്ക് വിസമ്മതിച്ചത്. എല്ലാ മാസവും പത്താം തീയതിയാണ് സൗദി അറാംകൊ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിക്കാറ്. 11-ാം തീയതി രാവിലെ മുതൽ ഇത് നടപ്പാക്കി തുടങ്ങും. 


ഇന്ധനം തീർന്നെന്ന് വാദിച്ച് പെട്രോൾ നൽകാൻ വിസമ്മതിച്ച ബങ്കുകളെ കുറിച്ച് ഉപയോക്താക്കൾ തായിഫ് വാണിജ്യ മന്ത്രാലയ ശാഖയെ അറിയിക്കുകയായിരുന്നു. മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നഗരത്തിലെ നിരവധി ബങ്കുകൾ ഇന്ധനം വിൽക്കാൻ വിസമ്മതിക്കുന്നതായി കണ്ടെത്തി. തട്ടിപ്പ് പിടിക്കപ്പെടാതിരിക്കുന്നതിന് ചില ബങ്കുകൾ അടച്ച് തൊഴിലാളികൾ സ്ഥലം വിടുകയും ചെയ്തിരുന്നു. ഈ ബങ്കുകളുടെ പേരിലെല്ലാം നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് മന്ത്രാലയ ഉദ്യോഗസ്ഥർ പിഴകൾ ചുമത്തി. 


ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിന് അനുസൃതമായി സൗദി അറാംകൊ കഴിഞ്ഞ മാസം പ്രാദേശിക വിപണിയിൽ പെട്രോൾ വില പകുതിയോളം കുറച്ചിരുന്നു. ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പച്ച നിറത്തിലുള്ള പെട്രോളിന്റെ വില ലിറ്ററിന് 1.31 റിയാലിൽ നിന്ന് 67 ഹലലയായാണ് കുറച്ചിരുന്നത്. ഒക്‌ടേൻ 95 ഇനത്തിൽ പെട്ട ചുവപ്പ് നിറത്തിലുള്ള പെട്രോളിന്റെ വില ലിറ്ററിന് 1.47 റിയാലിൽ നിന്ന് 82 ഹലയായും കുറച്ചിരുന്നു. മാർച്ചിൽ പച്ച നിറത്തിലുള്ള പെട്രോൾ ലിറ്ററിന് 1.55 റിയാലും ചുവപ്പ് നിറത്തിലുള്ള പെട്രോളിന് 2.05 റിയാലുമായിരുന്നു വില. ഇത് ഏപ്രിലിൽ യഥാക്രമം 1.31 റിയാലും 1.47 റിയാലുമായി കുറക്കുകയായിരുന്നു. 
ആഗോള വിപണിയിലെ നിരക്കുകൾക്ക് അനുസൃതമായി പ്രാദേശിക വിപണിയിൽ ഇന്ധന വില ഓരോ മാസവും പുനഃപരിശോധിച്ച് പുതുക്കിനിശ്ചയിക്കുന്ന രീതി ഫെബ്രുവരി മുതലാണ് സൗദി അറേബ്യ നടപ്പാക്കാൻ തുടങ്ങിയത്. ഇതിനു മുമ്പ് ഓരോ ത്രൈമാസത്തിലുമാണ് ഇന്ധന നിരക്ക് പുനഃപരിശോധിച്ച് പുതുക്കിനിശ്ചയിച്ചിരുന്നത്. ആഗോള വിപണിയിൽ എണ്ണ വില ഉയർന്ന പശ്ചാത്തലത്തിൽ പ്രാദേശിക വിപണിയിലും വില ഉയർത്തുമെന്ന കണക്കുകൂട്ടലിലാണ് ബങ്കുകൾ ഇന്നലെ പെട്രോൾ വിൽക്കാൻ വിസമ്മതിച്ചത്. 

 


 

Latest News