ദുബായ്- കഴിഞ്ഞ മാസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവര്‍ 82 ലക്ഷം. ഈ വര്‍ഷത്തെ റെക്കോര്‍ഡ് യാത്രക്കാരാണിത്. സീസണിലെ തിരക്കാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
8,233,311 യാത്രക്കാരാണ് ഓഗസ്റ്റില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം, 7,727,105 യാത്രക്കാരായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 6.6 ശതമാനത്തിന്റെ വര്‍ധന.
ഇന്ത്യയിലേക്കാണ് ദുബായ് വിമാനത്താവളം വഴി കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. ഓഗസ്റ്റില്‍ 1,044,730 യാത്രക്കാരാണ് ഇന്ത്യയിലേക്ക് പറന്നത്. യുകെ (611,254), സൗദി അറേബ്യ (610,434) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള രാജ്യങ്ങള്‍. 377,130 യാത്രക്കാര്‍ യാത്ര ചെയ്ത ലണ്ടനാണ് മുന്നിലുള്ള നഗരം. 284,151 യാത്രക്കാര്‍ കുവൈത്തിലേക്കും 211,564 യാത്രക്കാര്‍ മുംബൈയിലേക്കും യാത്ര ചെയ്തു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ശരാശരി 246 യാത്രക്കാരാണ് ഒരു വിമാനത്തില്‍ യാത്ര ചെയ്തത്. ഇതും മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നതാണ്. 2017 ഓഗസ്റ്റില്‍ 229 ആയിരുന്നു. 34,370 വിമാനങ്ങളാണ് ഓഗസ്റ്റില്‍ ദുബായ് വഴി കടന്നു പോയത്.
ഈയാഴ്ച അവസാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ 57-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും യാത്രക്കാര്‍ക്ക് ലോകത്തെ മികച്ച സേവനം നല്‍കാനാണ് ശ്രമമെന്നും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫ്താസ് പറഞ്ഞു.