റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ മാസ്‌കുകൾക്കും അണുനശീകരണികൾക്കും വെന്റിംഗ് മെഷീനുകൾ സ്ഥാപിച്ചു. ആഭ്യന്തര സർവീസുകൾക്കുള്ള അഞ്ചാം നമ്പർ ടെർമിനലിലാണ് വെന്റിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് എളുപ്പത്തിൽ രോഗപ്രതിരോധ വസ്തുക്കൾ ലഭ്യമാക്കാൻ ശ്രമിച്ചാണ് വെന്റിംഗ് മെഷീനുകൾ സ്ഥാപിച്ചത്.
ഈ മാസാദ്യം മുതലാണ് റിയാദ് എയർപോർട്ട് വീണ്ടും തുറന്നത്. ആരോഗ്യ വ്യവസ്ഥകളും പ്രതിരോധ, മുൻകരുതൽ നടപടികളും പാലിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിൽ പടിപടിയായി ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാനുള്ള പദ്ധതി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ മാസാവസാനം പ്രഖ്യാപിച്ചിരുന്നു. പ്രധാന എയർപോർട്ടുകളിലെല്ലാം ഇതിനകം ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.