Sorry, you need to enable JavaScript to visit this website.

നികുതി ഉയർത്തൽ: സൗദി കാർ വിപണിയിൽ വൻ ഉണർവ്

റിയാദ്- അടുത്ത മാസാദ്യം മുതൽ മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്താനിരിക്കെ സൗദിയിൽ കാർ വിപണിയിൽ വൻ ഉണർവ്. പുതിയ കാറുകളുടെയും പഴയ കാറുകളുടെയും വിൽപന ഒരുപോലെ ഉയർന്നിട്ടുണ്ട്. കാർ ഏജൻസികളുടെ പക്കൽ ചില കമ്പനികളുടെ കാറുകളുടെയും പ്രത്യേക മോഡൽ കാറുകളുടെയും കുറവ് നല്ല കണ്ടീഷനുള്ള പഴയ മോഡൽ കാറുകൾക്ക് ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. 
അടുത്ത മാസാദ്യം മുതൽ വാറ്റ് ഉയരുന്നതിനാൽ നിലവിൽ കാറുകൾക്ക് ഡിമാന്റ് വർധിച്ചത് സ്വാഭാവികമാണെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ നാഷനൽ കാർ ഏജൻസി കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ഉസ്മാൻ അബൂശൂശ പറഞ്ഞു. കാർ ഏജൻസികളുടെ പക്കൽ ചിലയിനം കാറുകളുടെയും ചില പ്രത്യേക മോഡൽ കാറുകളുടെയും ലഭ്യതക്കുറവ് പഴയ കാർ വിപണിയിലും ഉണർവുണ്ടാക്കുന്നു. ഇതിന്റെ അനുകൂല ഫലം വാഹന റിപ്പയർ മേഖലയിലും അനുഭവപ്പെടുന്നുണ്ടെന്ന് ഫൈസൽ ഉസ്മാൻ അബൂശൂശ പറഞ്ഞു.


മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിനു പകരം പതിനഞ്ചു ശതമാനമായി അടുത്ത മാസാദ്യം മുതൽ ഉയർത്താനുള്ള തീരുമാനം കാർ വാങ്ങാൻ പദ്ധതിയുണ്ടായിരുന്ന അധിക പേരെയും ജൂലൈ ഒന്നിനു മുമ്പായി കാർ വാങ്ങാൻ പ്രേരിപ്പിക്കുന്നതായി സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ നാഷണൽ കാർ ഏജൻസി കമ്മിറ്റി അംഗം അലി ഹുസൈൻ അലി രിദ പറഞ്ഞു. ആവശ്യം വലിയ തോതിൽ കൂടിയത് കാർ ഏജൻസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് കാറുകൾ കൈമാറുന്നതിനു മുമ്പായി വാഹനങ്ങളുടെ സുസജ്ജത ഉറപ്പുവരുത്തുന്നതിന് സമഗ്ര പരിശോധന അടക്കം നിരവധി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ പല കാർ ഏജൻസികളിലും ജീവനക്കാരുടെ കുറവുണ്ട്. കൂടാതെ ഏജൻസികളുടെ പ്രവർത്തന സമയവും കുറച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് കാർ കൈമാറുന്ന തീയതിയുമായി മൂല്യവർധിത നികുതി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 
ഇക്കാര്യത്തിൽ ബിൽ തീയതി പരിഗണിക്കില്ല. ജൂലൈ ഒന്നു മുതൽ ഉപയോക്താക്കൾക്ക് കൈമാറുന്ന കാറുകൾക്ക് പുതിയ നികുതി ബാധകമായിരിക്കും. മൂല്യവർധിത നികുതി കാരണമായോ ഇറക്കുമതി തീരുവ ഉയർത്തിയതിനാലോ പുതിയ കാറുകളുടെ വില വർധിക്കുന്നത് പഴയ കാർ വിപണിയിൽ അനുകൂല ഫലം ചെലുത്തും. പുതിയ സാഹചര്യത്തിൽ പഴയ കാറുകളുടെയും വില വർധിക്കും. പഴയ കാറുകൾക്കുള്ള ആവശ്യവും ഉയരുമെന്ന് അലി ഹുസൈൻ അലി രിദ പറഞ്ഞു.


മൂല്യവർധിത നികുതി വർധന നിലവിൽ വരുന്നതുവരെ വാഹന വിപണിയിലെ ഉണർവ് തുടരുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ കാർ കമ്മിറ്റി അംഗം ബന്ദർ സഈദ് അൽഈസായി പ്രതീക്ഷ പ്രകടപ്പിച്ചു. മൂന്നാം പാദത്തിൽ കാർ വിപണിയിൽ മാന്ദ്യമുണ്ടാകും. നാലാം പാദത്തിൽ പടിപടിയായി വാഹന വിപണി സ്വാഭാവിക നില കൈവരിക്കും. പ്രത്യേക മോഡലുകൾക്കും ഇനങ്ങൾക്കും ആവശ്യം വർധിച്ചതിനാൽ കാർ ഏജൻസികളിൽ സ്റ്റോക്ക് കുറവും ചില മോഡലുകളുടെ ലഭ്യതയില്ലായ്മയുമുണ്ടാകാൻ ഇടയുണ്ട്. ഇക്കാര്യങ്ങളെല്ലാം അധിക കാർ ഏജൻസികളും മുൻകൂട്ടി കണ്ട് ഉപയോക്താക്കളുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെന്നും ബന്ദർ സഈദ് അൽഈസായി പറഞ്ഞു. 


പഴയ കാറുകളുടെ വിൽപന 50 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ടെന്ന് ജിദ്ദയിലെ കാർ ഷോറൂം കാരണവർ ഉവൈദ ബിൻ മുഹമ്മദ് അൽജുഹനി പറഞ്ഞു. മൂല്യവർധിത നികുതി വർധന പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി കാറുകൾ വാങ്ങാൻ നിരവധി പേർ ആഗ്രഹിക്കുന്നതും ചില പ്രത്യേകയിനം മോഡലുകളിൽ പെട്ട കാറുകൾ കാർ ഏജൻസികളിലും വിപണിയിലും ലഭ്യമല്ലാത്തതും പഴയ കാറുകൾക്കുള്ള ആവശ്യം വർധിക്കാൻ ഇടയാക്കിയ ഘടകങ്ങളാണ്. കൊറോണ പ്രതിസന്ധി വിദേശങ്ങളിൽ കാർ നിർമാണ വ്യവസായത്തെയും സൗദിയിലേക്കുള്ള ഇറക്കുമതിയെയും ബാധിച്ചത് സൗദി വിപണിയിൽ ചില പ്രത്യേക മോഡൽ കാറുകളുടെ ലഭ്യതതക്കുറവിന് ഇടയാക്കിയിട്ടുണ്ട്. 
ഇതെല്ലാം പഴയ കാറുകൾക്കുള്ള ആവശ്യം വർധിപ്പിച്ചു. ആവശ്യം ഉയർന്നത് പഴയ കാറുകളുടെ വിലയെ വലിയ തോതിൽ ബാധിച്ചിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ നിലനിന്ന കടുത്ത മാന്ദ്യം മറികടക്കുന്നതിന് എത്രയും വേഗത്തിൽ കാറുകൾ വിൽക്കാനാണ് അധിക വ്യാപാരികളും ആഗ്രഹിക്കുന്നതെന്നും ഉവൈദ ബിൻ മുഹമ്മദ് അൽജുഹനി പറഞ്ഞു. 

 

Latest News