രണ്ട് നെഗറ്റീവ് വാർത്തകൾ കേട്ടാണ് മലപ്പുറം ജില്ല കഴിഞ്ഞയാഴ്ച കടന്നു പോയത്. രണ്ടും മരണവാർത്തകളാണ്. ഒന്ന് മനുഷ്യനും മറ്റൊന്ന് മൃഗവും. ഒന്നാമത്തേത്, ഡിജിറ്റൽ ഡിവൈസിന്റെ ഇരയായി ഒരു ദളിത് പെൺകുട്ടിയുടെ ആത്മഹത്യ. രണ്ടാമത്തേത് ഒരു കാട്ടാനയുടെ മരണം. ആ മരണത്തെ ചൊല്ലി മലപ്പുറം ജില്ലക്കെതിരെ വർഗീയ ലാക്കോടെ കുപ്രചാരണം നടത്തുന്ന സംഘപരിവാർ കേന്ദ്രങ്ങളുടെ വികൃതമുഖം. ഈ രണ്ട് സംഭവങ്ങളും സമൂഹത്തിൽ ആവർത്തിക്കാൻ പാടില്ലാത്തതാണ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരുമ്പിളിയത്തെ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന നിർധന കുടുംബാംഗമായ ദേവിക എന്ന വിദ്യാർഥിനിയുടെ മരണം വികസനവുമായി ബന്ധപ്പെട്ട മലയാളിയുടെ വീരവാദങ്ങളുമായും ആസൂത്രണമില്ലായ്മയുമായും കൂട്ടിവായിക്കേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ഡൗൺ മൂലം പുതിയ അക്കാദമിക വർഷത്തിൽ സ്‌കൂളുകളിൽ പഠനം തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരഹാരമായാണ് സംസ്ഥാന സർക്കാർ ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. വിവരസാങ്കേതിക രംഗത്ത് ഏറെ കാലമായി മുന്നോട്ടു നടക്കുന്ന കേരളത്തിൽ പൊതുസ്ഥാപനങ്ങളിൽ സാങ്കേതികമായ സ്വാശ്രയത്വം ഉണ്ടെന്നത് യാഥാർഥ്യമാണ്.
സ്‌കൂളുകളായാലും ഓഫീസുകളായാലും ഐ.ടി ബന്ധിതമാണിന്ന്. എന്നാൽ വ്യക്തികളും കുടുംബങ്ങളും ഈ രീതിയിലേക്ക് വളർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എന്ന തീരുമാനത്തിലേക്ക് കാലെടുത്തു വെക്കേണ്ടിയിരുന്നത്. മൊബൈൽ ഫോണും ടെലിവിഷനുമൊന്നും ഇന്നും കേരളത്തിലെ ഒരു വിഭാഗം കുടുംബങ്ങൾ അവശ്യവസ്തുക്കളായി കാണുന്നവയല്ല എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത കുടുംബങ്ങൾ നിരവധിയുണ്ട്. എല്ലാ മാസവും കേബിൾ ടി.വിക്കും ഡി.ടി.എച്ചിനും പണം നൽകാനാകാത്ത കുടുംബങ്ങളുമുണ്ട്. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയായിരിക്കെ കൃത്യമായി അത് പോലും നേടാനാകാത്ത കുടുംബങ്ങളുള്ള നാട്ടിലാണ് സർക്കാർ ഇന്റർനെറ്റിനെ അടിസ്ഥാന പട്ടികയിലേക്ക് കുടിയിരുത്തുന്നത് എന്നു കൂടി ഓർക്കണം.
ജനങ്ങൾക്ക് പ്രായോഗികമല്ലാത്ത കാര്യങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണിത്. സർക്കാർ പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നാട്ടിലെ സംഘടനകൾ പിരിവെടുത്ത് നടപ്പാക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ വളരുന്നത് ആപത്താണ്. കേരളത്തിൽ പല മേഖലകളിൽ കുറെ കാലമായി സംഭവിച്ചു കൊണ്ടിരിക്കുന്നതാണിത്.
ദേവികയുടെ മരണം സർക്കാരിന്റെ ആസൂത്രണപ്പിഴവിന്റെ ഫലമാണ്. ജൂൺ ഒന്നിന് തന്നെ തിരക്കിട്ട് അക്കാദമിക വർഷം ആരംഭിക്കേണ്ടതുണ്ടായിരുന്നോ? അത്തരമൊരു നിശ്ചയദാർഢ്യവുമായി മുന്നിട്ടിറങ്ങുമ്പോൾ നടപ്പാക്കാനിരിക്കുന്നത് പുതിയൊരു വിദ്യാഭ്യാസ രീതിയാണെന്നും അതിന് സമൂഹം പാകമാണോ എന്നും പരിശോധിക്കാമായിരുന്നു. മഹാഭൂരിഭാഗം പേരും ഇന്റർനെറ്റ് ഉപയോക്താക്കളാണെന്നത് സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് മാനദണ്ഡമല്ല.
ഒരാൾക്കെങ്കിലും അത്തരം സൗകര്യമില്ലെങ്കിൽ പദ്ധതി നടപ്പാക്കുന്നതിന് സാവകാശം നൽകണം. ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്തവരെ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രമങ്ങൾ ആത്മാർത്ഥതയുള്ളതോ ഗൗരവമുള്ളതോ ആയിരുന്നില്ല എന്നാണ് ദേവികയുടെ മരണം കാണിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ഗൗരവപൂർണായ നിർദേശം നൽകിയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പുതിയ പദ്ധതികളിലേക്ക് നീങ്ങുമ്പോൾ സർക്കാരിന് ഇതൊരു മുന്നറിയിപ്പാണ്. തലസ്ഥാനത്തിരുന്ന് പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ഗ്രാമീണ ജീവിതത്തിന്റെ അവശ ചിത്രങ്ങൾ കൂടി ഭരണാധികാരികളുടെ മനസിലെത്തേണ്ടതുണ്ട്.
മനുഷ്യജീവിതം പോലെതന്നെ വിലപ്പെട്ടതാണ് മൃഗങ്ങളുടേതുമെന്നാണ് പ്രകൃതി പഠിപ്പിക്കുന്ന പാഠം. ഇരുവരും ഈ ഭൂമിയുടെ അവകാശികൾ തന്നെ. അതുകൊണ്ടു തന്നെ പാലക്കാട് ജില്ലയിലെ വനമേഖലയിൽ കാട്ടാന ദാരുണമായി കൊല്ലപ്പെട്ടത് ഏവരെയും ദുഃഖിപ്പിക്കുന്നതായി. പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കടിച്ച് വായും താടിയും തകർന്നാണ് ആന ചരിഞ്ഞത്. കൊലയാളികൾ ആരെന്ന് ഇനിയും വ്യക്തമല്ല. കൃഷിയിടങ്ങളിൽ ശല്യമാകാറുള്ള കാട്ടുപന്നികളെ തുരത്താൻ കർഷകർ വെച്ച പടക്ക കെണി കടിച്ചാണ് ആനക്ക് അപകടം പിണഞ്ഞതെന്നാണ് അനുമാനം.
ആനക്ക് നേരെ നടന്ന ആക്രമണത്തെക്കാൾ വിഷമുള്ള ആക്രമണമാണ് ഇതിന്റെ പേരിൽ മലപ്പുറം ജില്ലക്ക് നേരെ നടന്നത്. ന്യൂനപക്ഷ ജില്ലയായ മലപ്പുറത്തിന് നേരെ സംഘപരിവാർശക്തികൾ ദേശീയ തലത്തിൽ കാലങ്ങളായി നടക്കുന്ന കുപ്രചാരണങ്ങളുടെ തുടർച്ചയാണിത്. കേന്ദ്രമന്ത്രിമാർ മുതൽ ബി.ജെ.പി നേതാക്കൾ വരെ ആർ.എസ്.എസ് അജണ്ടയുമായി മുന്നോട്ടിറങ്ങി. ആന കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിലാണെന്നറിഞ്ഞിട്ടും മലപ്പുറത്തുകാർ ആനയെ കൊന്നെന്നും ഇന്ത്യയിലെ ഏറ്റവും ക്രൂരന്മാരുള്ള ജില്ല മലപ്പുറമാണെന്നുമുള്ള തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരണങ്ങൾ കൊഴുത്തു. പൗരത്വ സമരകാലത്ത് ഹിന്ദുക്കൾക്ക് കിണർവെള്ളം നിഷേധിച്ചെന്നും പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് വയനാട്ടിൽ രാഹുൽഗാന്ധിക്ക് വേണ്ടി വീശിയത് പാക്കിസ്ഥാന്റെ കൊടിയാണെന്നും ബി.ജെ.പിയുടെ ദേശീയ നേതാക്കൾ പ്രചാരണം നടത്തിയത് അടുത്ത കാലത്താണ്.
ഒരു ജില്ലയെ, ന്യൂനപക്ഷ വിരുദ്ധതയുടെ പേരിൽ കള്ളപ്രചാരണം നടത്തി അപമാനിക്കുന്നതിനും അതുവഴി പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ഫാസിസ്റ്റ് തന്ത്രമാണിത്. മലപ്പുറത്തിനെതിരെ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതു മൂലമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിയും കേന്ദ്ര വനം-പരിസ്ഥിതി മന്താലയവും വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ മനം മാറ്റം, പക്ഷെ മലപ്പുറം ജില്ലക്കെതിരെ ഉയർത്തിവിട്ട കുപ്രചാരണ കൊടുങ്കാറ്റിനെ കെടുത്തുന്നതല്ല.
സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം ഇപ്പോഴും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. മലപ്പുറം ജില്ലയെ എന്നും പ്രതിരോധത്തിലേക്ക് തള്ളിവിട്ട് ദുർബലപ്പെടുത്തുകയെന്ന സംഘ്പരിവാർ അജണ്ടയാണ് കള്ളപ്രചാരണങ്ങളിലൂടെ വളരുന്നത്. ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പറയുന്നതിൽ അർഥമില്ല. കാരണം മനപ്പൂർവം വാർത്തെടുക്കുന്ന അജണ്ടകളിൽ തെറ്റിദ്ധാരണകൾക്ക് സ്ഥാനമില്ല.