Sorry, you need to enable JavaScript to visit this website.

പ്രവാസി മരണത്തിന്റെ കാണാപ്പുറങ്ങൾ

കോവിഡ് മൂലം പ്രവാസലോകത്ത് നടക്കുന്ന മലയാളിമരണങ്ങൾ  മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലാണ്. ഇതിനകം ഇരുന്നൂറോളം പേർ പ്രവാസലോകത്ത് പൊലിഞ്ഞുപോയിരിക്കുന്നു. അതായത് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ കൂട്ടത്തിൽ മലയാളികളുടെ പങ്കു വളരെ കൂടുതലാണ് എന്ന് സാരം. വർധിച്ചുവരുന്ന മലയാളി മരണങ്ങൾ എന്തുകൊണ്ടാണ് എന്ന പഠനങ്ങളും ചിന്തകളും ഉണ്ടാവേണ്ടതായിട്ടുണ്ട്.


മാനസിക സമ്മർദങ്ങൾ രോഗം മൂർച്ഛിക്കുന്നതിനും പിന്നീട് മരണത്തിനും കാരണമാകുന്നു എന്ന ശാസ്ത്രീയ കണ്ടെത്തലുകളും ഇക്കഴിഞ്ഞ ഒരു മാസമായി മരിച്ചയാളുകളുടെ മാനസികനിലയെക്കുറിച്ചു നടത്തിയ ചില അന്വേഷങ്ങളുമാണ്  ഈ കുറിപ്പിന് ആധാരം. അതേപോലെ മാനസിക പ്രയാസം അലട്ടുന്ന പ്രവാസികളുടെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന വിളികൾ. 
ഏതൊരു പൊതുപ്രവർത്തകനും ഉണ്ടായേക്കാവുന്ന അനുഭവങ്ങളാണ് ഇതൊക്കെ. മലയാളികൾ ഉറക്കം കിട്ടാത്തവരായി മാറിയിരിക്കുന്നു. രോഗം ബാധിച്ചവർക്ക് ഞാൻ ഇനി രക്ഷപ്പെടുമോ എന്ന പരിഭ്രാന്തിയും വരാത്തവർക്ക് എനിക്ക് രോഗമുണ്ടാകുമോ എന്ന ആധിയും. നാട്ടിൽ പോകാൻ പറ്റാത്തതിന്റെ വിഷമവും, ജോലി നഷ്ടപ്പെട്ടതിന്റെ വ്യാകുലതയും എല്ലാമായി മലയാളി സമൂഹം വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം മാനസികാവസ്ഥയുള്ളവർക്കു രോഗം പിടിപെടാനും, രോഗം വന്നവർക്കു മൂർച്ഛിക്കുവാനും സാധ്യത ഏറെയാണെന്ന് ശാസ്ത്രം പറയുന്നു. ശാരീരികമായ പ്രയാസങ്ങളല്ല ഒരാളെ രോഗിയാക്കുന്നത്. മാനസികമായി രോഗാവസ്ഥക്ക്


കീഴ്പെടുമ്പോഴാണ് അവൻ രോഗിയായി മാറുന്നത്. ഇത്തരം രോഗങ്ങളെ മാനസികമായി റിജെക്ട് ചെയ്യുകയും ധൈര്യത്തോടെ സമീപിക്കുകയും ചെയ്താൽ പൂർണ ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുനീക്കാമെന്ന് പലരുടെയും അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ഒരു മാസക്കാലം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പരിധിയിൽപെടുന്ന ഏതാനും ചില മലയാളികളുടെ മരണകാരണങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ചില അന്വേഷണങ്ങളിൽ ഇവരൊക്കെ വലിയ മാനസിക സമ്മർദത്തിന് അടിപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു. മരിച്ചവരുടെ കേസ് ഹിസ്റ്ററി കോൺസുലേറ്റിൽ സമർപ്പിക്കപ്പെടേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് ഭൂരിപക്ഷവും വലിയ ഭയപ്പാടോടുകൂടിയാണ് രോഗത്തെ നേരിട്ടത് എന്ന് മനസ്സിലാവുന്നത്.


ഈ മാസം ഒന്നാം തിയ്യതി ജിദ്ദയിൽ കോവിഡ് ബാധിച്ചു മരിച്ച ഒരു സഹോദരിയുടെ കേസ് ഹിസ്റ്ററി ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെയാണ് കഴിഞ്ഞ മെയ് 15 നു സഹോദരിയെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ കോവിഡ് ടെസ്റ്റിന് വിധേയയാക്കുന്നത്. അതായത് കമ്പനിയുടെ നിർദ്ദേശപ്രകാരം മുപ്പതോളം വരുന്ന വനിതാ ജീവനക്കാരെ ഒന്നിച്ചാണ്  കോവിഡ് ടെസ്റ്റ് നടത്തിയത്. അതിൽ അവർ ഉൾപ്പെടെ മിക്കപേർക്കും പോസിറ്റീവ് ആണെന്ന് അന്നേദിവസം തന്നെ കണ്ടെത്തുകയായിരുന്നു. രോഗ ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു. പോസിറ്റീവ് ആയതുമുതൽ അവർ വലിയ മാനസിക പ്രയാസങ്ങൾ അനുഭവിക്കാൻ തുടങ്ങി. ഇത് അവരെ വല്ലാതെ തളർത്തി. 
മെയ് 24 നു ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. 25 നു കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ എമർജൻസിയിൽ പ്രവേശിപ്പിച്ചു. കൂടിയ ഇൻഫെക്ഷനോടെ ന്യുമോണിയ ഉണ്ടെന്നു കണ്ടെത്തുകയും വെന്റിലേറ്ററിൽ ആക്കുകയും ചെയ്തു. ആറു ദിവസങ്ങൾക്കുശേഷം ജൂൺ ഒന്നിന് അവർ മരണമടയുകയും ചെയ്തു.
ഇക്കഴിഞ്ഞ മെയ് 31 നു മക്കയിൽ മരണമടഞ്ഞ മലപ്പുറം സ്വദേശിയായ ഒരു സഹോദരന്റെ മരണകാരണങ്ങൾ അന്വേഷണ വിധേയമാക്കിയപ്പോഴും പേടിയും സമ്മർദങ്ങളും അദ്ദേഹത്തെ കൂടുതൽ രോഗാവസ്ഥയിലേക്ക് വിട്ടിരുന്നു എന്നത് ബോധ്യമായി. 


രോഗം വരുമോ എന്ന ഭീതിയിൽ ആയിരുന്നു ഈ സഹോദരൻ.  മെയ് 1 നു പോളിക്ലിനിക്കിൽ പോയത് പ്രകടമായ യാതൊരു അസുഖവും ഇല്ലാതെയായിരുന്നു. എന്തൊക്കെയോ അസ്വസ്ഥത മനസ്സിൽ തോന്നിയാണ് ഡയബറ്റിക് രോഗികൂടിയായ അദ്ദേഹം ക്ലിനിക്കിൽ പോകുന്നത്. എനിക്ക് അസുഖം ഉണ്ടാകുമോ എന്ന ആധി സുഹൃത്തുക്കളോടും പങ്കുവെച്ചിരുന്നു. ആഴ്ചകൾക്കു ശേഷം (മെയ് 23 ) ആണ് പനിയെ തുടർന്ന് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പോയത്. അവിടന്ന് ടെസ്റ്റ് നടത്തി പോസിറ്റീവ് ആയി എന്നറിഞ്ഞതു മുതൽ കൂടുതൽ മാനസിക സമ്മർദത്തിൽ അകപ്പെടുകയായിരുന്നു. മെയ് 31 നു മരണപ്പെടുകയും ചെയ്തു. മിക്ക മരണങ്ങളുടെയും കേസ് ഹിസ്റ്ററി എടുത്തുപരിശോധിക്കുമ്പോഴും അവരുടെ ഒപ്പം താമസിക്കുന്നവരോട് അന്വേഷിക്കുമ്പോഴും അവരൊക്കെ വലിയ മാനസിക സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.


അതേപോലെതന്നെ നിലവിൽ മാനസിക രോഗങ്ങൾക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന പലയാളുകൾ ഈ കാലയളവിൽ വലിയ പരിഭ്രാന്തമായ അവസ്ഥയിലാണ് കഴിച്ചുകൂട്ടുന്നത്. അവരെ ആത്മഹത്യയിലേക്കുവരെ തള്ളിയിടാൻ സാഹചര്യങ്ങൾ കാരണമാകുന്നു.
ഇക്കഴിഞ്ഞ മെയ് 23 ഹായലിൽ ആത്മഹത്യ ചെയ്ത ഒരു യുവാവിന്റെ കഥയും ഇതോടൊപ്പം ചേർക്കുന്നു. മാനസിക രോഗത്തിന് സ്ഥിരമായി മരുന്നുകഴിച്ചുകൊണ്ടിരുന്ന ഈ യുവാവ് കോവിഡ് രോഗബാധിതനാണോ എന്ന സംശയത്താൽ പരിഭ്രാന്തമായ അവസ്ഥയിലായിരുന്നു എന്ന് ഒപ്പം ജോലി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഇടയ്ക്കിടെ ക്ലിനിക്കിൽ പോയി മരുന്നുവാങ്ങി വരുന്ന പ്രവണത ഉണ്ടായിരുന്നുവത്രെ. ഈ ചിന്തകൾ അദ്ദേഹത്തെ തൂങ്ങി മരിക്കാൻവേണ്ട തീരുമാനത്തിലേക്ക് എത്തിച്ചു. അതേപോലെ കൊറോണ വൈറസ് ഭീതിയിൽ മനംനൊന്ത് നാൽപത്തിയേഴുകാരനായ മലയാളി കുവൈത്തിലും തൂങ്ങി മരിച്ചിരുന്നു.


ഇത്തരത്തിൽ നിലവിൽ മാനസിക പ്രശ്‌നങ്ങൾ ഉള്ളവരും, രോഗബാധമൂലം കൂടുതൽ ഭീതിയിലേക്കും മാനസിക സമ്മർദത്തിലേക്കു അകപ്പെട്ടവരുമായ ആളുകൾക്ക് പെട്ടെന്ന് രോഗം മൂർച്ഛിക്കാനും മരണം സംഭവിക്കാനും കാരണമാകുന്നു എന്ന് ബോധ്യപ്പെടുന്നു. 
അതേസമയം രോഗത്തെ ധൈര്യത്തോടെ നേരിടുകയും സ്ഥൈര്യത്തോടെ കൈകാര്യം ചെയ്തവരുമായ പലരും രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് കടന്നു എന്നും മനസ്സിലാക്കാം. അനേകം പേർ അതിനും സാക്ഷ്യമാണ്. അവരിൽ അമ്പതിനു മുകളിലുള്ളവരും പെടുന്നു.
ഈ കാലം പരിഭ്രാന്തിയുടെയല്ല, കരുതലിന്റേതായിരിക്കണം എന്ന പ്രചണ്ഡമായ ബോധവൽക്കരണ പരിപാടികൾ പ്രവാസലോകത്ത് നടക്കേണ്ടിയിരിക്കുന്നു. ഉറക്കം നഷ്ടമായ പ്രവാസിയുടെ ആത്മവിശാസം വർധിക്കുന്ന പാക്കേജുകളും നടപടികളും ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു.

Latest News