തിരുവനന്തപുരം- വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കു പുറമെ 532 വിമാനങ്ങൾക്ക് കൂടി കേരളം അനുമതി നൽകിയെന്ന് മന്ത്രി കെ.ടി ജലീൽ. ഈ ചാർട്ടേഡ് വിമാനങ്ങളിൽ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതിനകം ഉദ്ദേശം 45,000 വിദേശ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയരുൾപ്പടെ 2,10,424 പേരാണ് 9.6.2020 വരെ സംസ്ഥാനത്തെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
വിശ്വാസ യോഗ്യരായ എല്ലാ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറക്ക് എൻ.ഒ.സി. നൽകാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനം. നാൽപ്പത്തിരണ്ടോളം സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമാണ് ഫ്‌ലൈറ്റുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്.
ചാർട്ടേഡ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റ് നിരക്ക്, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന ടിക്കറ്റിന്റെ നിരക്കിനെക്കാൾ ഗണനീയമാംവിധം വർധനവ് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന സംസ്ഥാന നിർദ്ദേശം പാലിക്കാൻ പൊതുവെ എല്ലാവരും തയ്യാറായത് സാധാരണക്കാരായ പ്രവാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. ഏതാണ്ട് പതിനായിരം രൂപയുടെ കുറവാണ് ഇതോടെ വിമാനക്കൂലിയിനത്തിൽ വന്നത്. പ്രവാസികളുടെ നാട്ടിലെത്താനുള്ള വെമ്പൽ ചൂഷണം ചെയ്ത് ലാഭക്കൊയ്ത്ത് നടത്താനുള്ള സേവനക്കച്ചവടക്കാരുടെ അതിസാമർത്ഥ്യമാണ് കേരളത്തിന്റെ അവസരോചിത ഇടപെടൽ പൊളിച്ചത്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് ഇപ്പോഴെങ്കിലും പ്രവാസി സുഹൃത്തുക്കൾക്ക് ബോധ്യമായിട്ടുണ്ടാകും.
നാട്ടിലെത്തിയ ഒരാളുടെ കയ്യിൽ നിന്നും ഒരു ചില്ലിപ്പൈസ പോലും സർക്കാർ ഒരുക്കിയ കോറണ്ടൈന് ഈ നിമിഷം വരെ ഈടാക്കിയിട്ടില്ല. രോഗ ലക്ഷണമുള്ളവർക്കും വൈറസ് ബാധിതർകർക്കും സൗജന്യ ചികിൽസയാണ് കേരള ഗവൺമെന്റ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.