മണലൂര്‍- എട്ടാം ക്ലാസുകാരന്റെ അവസരോചിത ഇടപെടല്‍ തുണയായത് നാല് പേര്‍ക്ക്. ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ അമ്മയെയും മറ്റു മൂന്നുപേരെയും രക്ഷിച്ചത് അദൈ്വത് രജീഷ് എന്ന 13കാരന്‍. മണലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പുത്തന്‍പീടിക താമരത്തറോഡിലെ അദൈ്വത്. പ്ലാവില്‍ നിന്ന് ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുകയായിരുന്നു അദൈ്വതിന്റെ അമ്മ ധന്യ. തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു. ഇവരെ രക്ഷിക്കാനായി സഹോദരി ശുഭ ശ്രമിച്ചു. അവര്‍ക്കും ഷോക്കേറ്റു. ഇവരുടെ അമ്മ ലളിതയും അയല്‍വാസി റോസിയും രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങി. നാല് പേര്‍ക്കും ഷോക്കേറ്റു.
ഈ സമയം സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അദൈ്വത്. അമ്മയുടെ വസ്ത്രം പിടിച്ചു വലിക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവഹിക്കുന്നുവെന്ന് അദൈ്വത് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്ത് നിന്ന് കിട്ടിയ ടൈല്‍ കഷ്ണമെടുത്ത് തോട്ടിയില്‍ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി. ഇതോടെ നാലു പേരും രക്ഷപ്പെട്ടു. ധന്യയ്ക്കാണ് സാരമായി ഷോക്കേറ്റത്. ഇവരെ ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ എല്ലാവരും അപകട നില തരണം ചെയ്തു. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്ന് പഠിച്ച പാഠമാണ് അദൈ്വതിന് ഷോക്കേല്‍ക്കുമ്പോള്‍ ചെയ്യേണ്ട രക്ഷാമാര്‍ഗം സംബന്ധിച്ച അറിവ് നല്‍കിയത്.