കൊച്ചി- കഴിഞ്ഞ ദിവസം ദുബായില്‍ നിര്യാതനായ നിതിൻ ചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആശുപത്രിയില്‍ തടസ്സമുണ്ടെങ്കില്‍ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിതിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിരുന്നു.
മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തിലാണ് യു.എ.ഇയില്‍നിന്ന് ആതിര നാട്ടിലേക്ക് തിരിച്ചത്. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിതിനും അനുമതി ലഭിച്ചിരുന്നെങ്കിലും അവസരം നിതിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിതിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിതിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു കാരണം.
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേരള ബ്ലഡ് ഗ്രൂപ്പിന്റ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിംഗിന്റെ സജീവ പ്രവർത്തകനുമായിരുന്നു.