ജിദ്ദ- ഈ വർഷം ഹജ് അനുമതി നൽകുന്നതിനെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൊറോണ വ്യാപനം തടയാൻ ശ്രമിച്ച് കർശന വ്യവസ്ഥകളോടെ പരിമിതമായ തീർഥാടകർക്കു മാത്രം ഹജ് അനുമതി നൽകുന്നതിനെ കുറിച്ചാണ് സൗദി അറേബ്യ പഠിക്കുന്നത്. പ്രതിവർഷം ശരാശരി 25 ലക്ഷത്തോളം പേർ ഹജ് കർമം നിർവഹിക്കാറുണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ താൽക്കാലികമായി വിലക്കുകയും ഹജ് നടപടിക്രമങ്ങൾ നിർത്തിവെക്കാൻ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെ പരിമിതമായ ആളുകൾക്കു മാത്രം ഹജ് അനുമതി നൽകുന്നതിനെ കുറിച്ചാണ് സൗദി അറേബ്യ പഠിക്കുന്നതെന്ന് അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു. പ്രായം ചെന്നവർക്ക് ഹജ് വിലക്കുണ്ടാകും. കൂടാതെ അധിക ആരോഗ്യ പരിശോധനകളും തീർഥാടകർക്ക് ബാധകമാക്കും. ഓരോ രാജ്യത്തിന്റെയും പതിവ് ഹജ് ക്വാട്ടയുടെ 20 ശതമാനം പേർക്കു വീതം ഹജ് അനുമതി നൽകാൻ സാധിക്കുമെന്നാണ് സൗദി അധികൃതർ കരുതെന്നും അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു.
മസ്ജിദുന്നബവി അടക്കം സൗദിയിലെ മസ്ജിദുകൾ വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുത്തിട്ടുണ്ട്. കൊറോണ കേസുകൾ വൻതോതിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജിദ്ദയിലെ മസ്ജിദുകൾ 15 ദിവസത്തേക്ക് അടച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിലെയും പ്രവിശ്യകളിലെയും മസ്ജിദുകൾക്കൊപ്പം ജിദ്ദയിലെയും മസ്ജിദുകൾ തുറന്നിരുന്നെങ്കിലും കൊറോണ കേസുകൾ വർധിച്ചതോടെ ജിദ്ദയിലെ പള്ളികൾ 15 ദിവസത്തേക്ക് അടക്കാനും നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ജൂൺ 20 വരെയാണ് ജിദ്ദയിൽ ഈ നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക. മക്കയിലെ മസ്ജിദുകൾ ജൂൺ 21 മുതൽ തുറക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ മക്കയിലെ വിശുദ്ധ ഹറമിൽ പുറത്തു നിന്നുള്ള വിശ്വാസികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഹറമിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ മാത്രമാണ് സാമൂഹിക അകലവും മറ്റു മുൻകരുതൽ നടപടികളും പാലിച്ച് നിലവിൽ വിശുദ്ധ ഹറമിലെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഉംറ വിസ നിർത്തിവെച്ചതോടൊപ്പം തന്നെ രാജ്യത്തിനകത്തുള്ളവർ ഉംറ നിർവഹിക്കുന്നത് വിലക്കിയിട്ടുമുണ്ട്. മക്ക നിവാസികളും ഹറം ജീവനക്കാരും അടക്കം എല്ലാവർക്കും ഇത് ബാധകമാണ്.