റിയാദ്- സൗദിയിൽ പ്രതിദിനം 20 ലക്ഷം മാസ്‌കുകൾ നിർമിക്കുന്നുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. രാജ്യത്ത് ഒമ്പതു മാസ്‌ക് നിർമാണ ഫാക്ടറികളാണുള്ളത്. രാജ്യത്ത് നിർമിക്കുന്ന മാസ്‌കുകളുടെ എണ്ണം വർധിച്ചുവരികയാണ്. പെരുന്നാളിനു മുമ്പ് ദിവസേന ഏഴു ലക്ഷം മാസ്‌കുകൾ വീതമാണ് സൗദിയിലെ ഫാക്ടറികൾ നിർമിച്ചിരുന്നത്. നിലവിൽ ദിവസേന നിർമിക്കുന്ന മാസ്‌കുകളുടെ എണ്ണം 20 ലക്ഷമായി ഉയർന്നിട്ടുണ്ട്. വ്യവസായ മന്ത്രാലയം പ്രാദേശിക വ്യവസായത്തിന് വലിയ പിന്തുണയും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. രാജ്യത്ത് മാസ്‌ക് നിർമാണം പടിപടിയായി ഉയർത്താൻ പദ്ധതിയുണ്ട്. വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വരും ദിവസങ്ങൡ മാസ്‌ക് നിർമാണം ഉയർത്തുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെ കമ്യൂണിക്കേഷൻസ്, അവയർനെസ് വിഭാഗം ഡയറക്ടർ തൈസീർ അൽമുഫ്‌റഹ് പറഞ്ഞു.
ചൈനയിൽനിന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം 1.4 കോടി മാസ്‌കുകൾ ഇറക്കുമതി ചെയ്തിരുന്നു. ചൈനയിൽനിന്ന് സൗദിയയുടെ കാർഗോ വിമാനത്തിലാണ് മാസ്‌ക് ശേഖരം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെത്തിച്ചത്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രാദേശിക വിപണിയിലും ആരോഗ്യ മേഖലയിലും ഇവ വിതരണം ചെയ്യും.