ദമാം- ആളുകളുടെ ശരീര താപനില എളുപ്പത്തിലും വേഗത്തിലും നിരീക്ഷിക്കാനും ഉയർന്ന ശരീര താപനിലയുള്ളവരെ വേഗത്തിൽ തിരിച്ചറിയാനും കഴിയുന്ന സ്മാർട്ട് ഹെൽമെറ്റുകൾ അശ്ശർഖിയ നഗരസഭ ഉപയോഗിക്കാൻ തുടങ്ങി. പൊതുസ്ഥലങ്ങളും മാർക്കറ്റുകളും അടക്കം ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലാണ് നഗരസഭാ ഉദ്യോഗസ്ഥർ സ്മാർട്ട് ഹെൽമെറ്റുകൾ ഉപയോഗിക്കുന്നത്.
തെർമൽ റേഡിയേഷൻ വഴി അഞ്ചു മീറ്റർ ദൂരെനിന്ന് ആളുകളുടെ ശരീര താപനില പരിശോധിക്കാൻ സ്മാർട്ട് ഹെൽമെറ്റുകൾക്ക് സാധിക്കുമെന്ന് അശ്ശർഖിയ മേയർ എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു. ഒരു മിനിറ്റിൽ 200 ഓളം പേരുടെ ശരീര താപനില പരിശോധിക്കാനും ഈ ഹെൽമെറ്റുകൾക്ക് സാധിക്കും. പനി ബാധിച്ചവരെ കണ്ടെത്തിയാൽ ഹെൽമെറ്റുകൾ വാണിംഗും നൽകും. പരമാധി ആരോഗ്യ സുരക്ഷയും പ്രതിരോധവും പ്രദാനം ചെയ്യുന്നതിന് സെൻട്രൽ മാർക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളും അടക്കമുള്ള സുപ്രധാന സ്ഥലങ്ങളിൽ സ്മാർട്ട് ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിൽ ഏതാനും ജീവനക്കാർക്ക് നഗരസഭ പരിശീലനം നൽകിയിട്ടുണ്ട്.
ശരീര താപനില ഉയർന്നവരെ കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പുകളെ വിവരമറിയിക്കുകയാണ് നഗരസഭാ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ആളുകൾ ഒത്തുചേരുന്ന സെൻട്രൽ മാർക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ശരീര താപനില നിരീക്ഷിക്കാനും പനിയുള്ളവരെ പ്രത്യേകം നിർണയിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ഈ ഹെൽമെറ്റുകൾ ഉപയോഗിക്കും. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ലഭ്യമായ മുഴുവൻ ഉയർന്ന സാങ്കേതികവിദ്യകളും പരിചയസമ്പത്തുകളും പ്രയോജനപ്പെടുത്താൻ അശ്ശർഖിയ നഗരസഭ ആഗ്രഹിക്കുന്നതായും എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു.