ദുബായ്- ചികിത്സാര്‍ഥം ജന്മദേശമായ കറാച്ചിയില്‍ പോയി തിരിച്ചെത്താന്‍ സാധിക്കാതെ കുടുങ്ങിയ മാതാവിന് രണ്ടര വയസ്സുള്ള മകനുമായി ഒത്തുചേരാന്‍ അവസരമൊരുക്കി ദുബായ് പോലീസ്. യുഎ.ഇയിലെത്തിയ സന കലീംഖാന്‍ അധികൃതരുടെ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. വേഗം തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍ 20 നാണ് ഇവര്‍ മകനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് നാട്ടില്‍ പോയത്. കൊറോണ വൈറസ് പ്രതിസന്ധി കാരണം അവിചാരിതമായി പെട്ടെന്ന് വിമാനയാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദുബായിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ പ്രയാസപ്പെട്ടത്.
സനയുടെ ദുരവസ്ഥ അറിഞ്ഞ ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെറി, ദുബായില്‍ പിതാവ് കലീമിനൊപ്പം കഴിയുന്ന മകന്‍ അബ്ദുല്ലയുമായി ഒന്നിക്കാന്‍ വീണ്ടും ഇവര്‍ക്ക് അവസരമൊരുക്കുകയായിരുന്നു.
ഞങ്ങള്‍ രണ്ട് യാത്രക്കാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തന്റെ ഭര്‍ത്താവിനോടൊപ്പം ദുബായ് പോലീസിന്റെ ഒരു സംഘം തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതിന്റെ ഭാഗമായി താനിപ്പോള്‍ ഒരു ഹോട്ടലിലാണ്. ഇപ്പോഴും കുഞ്ഞിനെ കണ്ടിട്ടില്ല, പക്ഷേ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി അവന്റെ കുഞ്ഞുമുഖം വീണ്ടും കാണാനുള്ള ദിനങ്ങള്‍ എണ്ണിത്തീര്‍ക്കുകയാണ് ഞാന്‍'- സന ആശ്വാസത്തോടെ പറയുന്നു.