കോട്ടയം- പാലായില്‍ കോപ്പിയടി ആരോപിച്ച് പുറത്താക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ആരോപണവുമായി പിതാവ് ഷാജി. തന്റെ മകള്‍ കോപ്പിയടിക്കില്ല. മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മാനസിക പീഡനം താങ്ങാനാകാതെയാണ് കുട്ടി മരിച്ചത്. മകള്‍ കോപ്പിയടിച്ചുവെന്ന ആരോപണം തെറ്റാണ്. ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിയെന്നാണ് അവള്‍ക്കെതിരെ അധ്യാപകര്‍ പറഞ്ഞത്. എന്നാല്‍ ഹാള്‍ടിക്കറ്റിലേത് തന്റെ മകളുടെ കൈയ്യക്ഷരമല്ല. അത് അവര്‍ തന്നെ എഴുതിയതാണ്.തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്ന അഞ്ജു പി. ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.
അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.