റിയാദ് - വന്ദേഭാരത് മിഷൻ പ്രകാരമുള്ള വിമാന സർവീസുകൾക്ക് ടിക്കറ്റെടുക്കാൻ പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിൽക്കുക തന്നെ ശരണം. രാവിലെ മുതൽ വൈകുന്നേരം വരെ ക്യൂവിൽ നിന്നാലും ചിലപ്പോൾ ടിക്കറ്റ് കിട്ടിയെന്ന് വരില്ല.
കൂടുതൽ യാത്രക്കാരുള്ള റിയാദിൽ എയർ ഇന്ത്യ ഓഫീസിലെ പരിമിത സൗകര്യം യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ പരീക്ഷണമാവുകയാണ്. അതേസമയം ജിദ്ദയിൽ സാമൂഹിക പ്രവർത്തകരെ രംഗത്തിറക്കി ജനത്തിരക്ക് നിയന്ത്രിച്ചുവരുന്നു. റിയാദിൽ ജനത്തിരക്ക് കുറക്കാനുള്ള നടപടികളിൽ ആളുകൾ സഹകരിക്കുന്നില്ലെന്ന് എയർ ഇന്ത്യ അധികൃതരും വ്യവസ്ഥാപിത രീതിയിലല്ല ടിക്കറ്റ് വിതരണമെന്ന് യാത്രക്കാരും ആരോപിക്കുന്നു.
റിയാദിലെ എയർ ഇന്ത്യ ഓഫീസ് നിൽക്കുന്ന കെട്ടിടത്തിന് മുന്നിൽ കഴിഞ്ഞ രണ്ടുദിവസവും വൻതിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ ഇന്നലെ റിയാദിലും ദമാമിലും പോലീസ്, ബലദിയ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുണ്ടായി. എംബസിയിൽ നിന്ന് വിവരമറിയിച്ചതനുസരിച്ച് യാത്രക്ക് അർഹത നേടിയവർ രാവിലെ തന്നെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ ക്യൂ നിന്നു തുടങ്ങും. ഒമ്പത് മണിയാകുമ്പോഴേക്ക് വലിയ നിര തന്നെ രൂപപ്പെടും. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാനുള്ള അടയാളങ്ങൾ വരച്ചുവെച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വെയിലിന്റെ കാഠിന്യം മൂലം പാലിക്കാനാവുന്നില്ല. പ്രായമായവരും സ്ത്രീകളുമടക്കം പലർക്കും തലകറക്കം വന്ന് വീണ സംഭവവും ഇന്നലെയുണ്ടായി.
അതിനിടെ തിരക്ക് കുറക്കുന്നതിന് ഏതാനും സെക്ടറുകളിലെ ടിക്കറ്റ് വിതരണം അടുത്ത ദിവസത്തേക്ക് മാറ്റിയത് അത് വരെ കാത്തുനിൽക്കുന്നവർക്കിടയിൽ പ്രതിഷേധമുണ്ടാക്കി. ഏറെ നേരം വരി നിന്ന് ടിക്കറ്റ് കൗണ്ടറിലെത്തുമ്പോൾ വിവരങ്ങൾ അപ്‌ഡേറ്റ് ആയിട്ടില്ലെന്ന പേരിൽ മടക്കിവിടുന്ന കേസുകളും നിരവധിയാണ്.
ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമോ മറ്റോ എയർ ഓഫീസ് പരിസരത്ത് ഇല്ല. സമീപത്തൊന്നും ബഖാലകളില്ലാത്തതിനാൽ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം മറ്റാവശ്യങ്ങൾക്ക് പുറത്തുപോയാൽ ക്യൂവിൽ പിന്നീട് ഇടം ലഭിക്കുകയുമില്ല. പൊതുവെ ഒരു ടിക്കറ്റ് ലഭിക്കണമെങ്കിൽ ഒരു ദിവസത്തെ കഷ്ടപ്പാട് സഹിക്കുക തന്നെ വേണം. അതേസമയം യുഎഇയിലെ പോലെ ഓൺലൈനിൽ ടിക്കറ്റ് അയച്ചുകൊടുക്കാനുള്ള സംവിധാനം സൗദിയിൽ ലഭിക്കാൻ സാധ്യതയില്ല. എന്നാൽ ടിക്കറ്റ് വിതരണ സംവിധാനം ഇന്ത്യൻ സ്‌കൂളിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയാൽ മതിയെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എംബസി കനിയണം. നേരത്തെ ചില ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അക്കാര്യം ഇതുവരെ വിജയിച്ചിട്ടില്ല. സാമൂഹിക സംഘടനകൾ ഇക്കാര്യമുന്നയിച്ച് എംബസിയെ സമീപിച്ചാൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.