റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 21.9 ശതമാനം തോതിൽ കുറഞ്ഞതായി ഔദ്യോഗിക കണക്ക്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 4000 കോടി ഡോളറിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. 2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 1100 കോടി ഡോളറിന്റെ കുറവാണുണ്ടായത്. കൊറോണ വ്യാപനം മൂലം ഈ വർഷം ആദ്യ പാദത്തിൽ എണ്ണ വില 60 ശതമാനത്തിലേറെ കുറഞ്ഞിരുന്നു. വിലയിടിച്ചിൽ തടയാൻ ഉൽപാദനം വെട്ടിക്കുറക്കാൻ നേരത്തേയുണ്ടാക്കിയ ധാരണ ദീർഘിപ്പിക്കുന്നതിനെ കുറിച്ച് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ പ്രധാന ഉൽപാദക രാജ്യങ്ങൾ വില കുറച്ചും ഉൽപാദനം കുത്തനെ ഉയർത്തിയും എണ്ണ വിപണിയിൽ യുദ്ധം നടത്തിയതും എണ്ണ വില കൂപ്പുകുത്താൻ ഇടയാക്കി.
എണ്ണ കയറ്റുമതി വരുമാനം കുറഞ്ഞത് ഒന്നാം പാദത്തിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി വരുമാനം 20.7 ശതമാനം തോതിൽ കുറയാൻ ഇടയാക്കിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ഒന്നാം പാദത്തിൽ പെട്രോളിതര കയറ്റുമതി 16.5 ശതമാനം തോതിൽ കുറഞ്ഞു.
ആദ്യ പാദത്തിൽ ആകെ കയറ്റുമതി 19,784.4 കോടി റിയാലാണ്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ ഇത് 24,936.2 കോടി റിയാലായിരുന്നു. മൂന്നു മാസത്തിനിടെ കയറ്റുമതിയിൽ 5151.8 കോടി റിയാലിന്റെ കുറവാണുണ്ടായത്. ആദ്യ പാദത്തിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 4207.6 കോടി റിയാലിന്റെ കുറവാണുണ്ടായത്. ഈ കൊല്ലം ആദ്യ പാദത്തിൽ ആകെ കയറ്റുമതിയുടെ 75.8 ശതമാനമായി എണ്ണ വിഹിതം കുറഞ്ഞു. 2019 ആദ്യ പാദത്തിൽ കയറ്റുമതിയുടെ 77 ശതമാനം എണ്ണയായിരുന്നു.
ആദ്യ പാദത്തിൽ ഇറക്കുമതി 4.4 ശതമാനം തോതിലും കുറഞ്ഞു. ഇറക്കുമതിയിൽ 571.9 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആകെ 12,409 റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറക്കുമതി 12,981.8 കോടി റിയാലായിരുന്നു.
എണ്ണയുൽപാദനം കുറക്കാനുള്ള കരാർ ഒരു മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ ഒപെക് പ്ലസ് ഗ്രൂപ്പ് ശനിയാഴ്ച ധാരണയിലെത്തിയിരുന്നു. പ്രതിദിന ഉൽപാദനത്തിൽ 97 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താൻ നേരത്തേയുണ്ടാക്കിയ ധാരണ ജൂലൈ അവസാനം വരെ ദീർഘിപ്പിക്കാനാണ് ഒപെക് പ്ലസ് ഗ്രൂപ്പ് തീരുമാനത്തിലെത്തിയിരിക്കുന്നത്.