അബഹ - അസീർ പ്രവിശ്യയിൽ പെട്ട അൽഹർജയിൽ സൗദി പൗരനെ കൊലപ്പെടുത്തിയ യെമനിയെ അറസ്റ്റ് ചെയ്തതായി അസീർ പോലീസ് വക്താവ് ലെഫ്. കേണൽ സൈദ് അൽദബാശ് അറിയിച്ചു. മുപ്പതുകാരനാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വക്താവ് പറഞ്ഞു.
അസീർ പ്രവിശ്യയിലെ ഗോത്ര നേതാക്കളിൽ ഒരാളായ ശൈഖ് മിസ്ഫർ ബിൻ നാസിർ ബിൻ വഖ്‌യാൻ അൽഖഹ്താനി ആണ് കൊല്ലപ്പെട്ടത്. പ്രതിയായ യെമനി യുവാവ് ശൈഖ് മിസ്ഫർ അൽഖഹ്താനിക്കു കീഴിലെ ജോലിക്കാരനാണെന്ന് വിവരമുണ്ട്. സ്വന്തം നാട്ടുകാരനായ മറ്റൊരു യുവാവിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായതെന്ന് അസീർ പോലീസ് വക്താവ് പറഞ്ഞു.