കോഴിക്കോട്- പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് പോരുമ്പോള്‍ ആതിര ഓര്‍ത്തു കാണില്ല, കുഞ്ഞോമനയെ കാണാന്‍ ഇനി പ്രിയതമന്‍ ഉണ്ടാവില്ലെന്ന്. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് പേരാമ്പ്രക്കടുത്ത മുയിപ്പോത്ത് പടിഞ്ഞാറക്കരകുനിയില്‍ നിതിന്‍ ചന്ദ്രനാണ് (29) ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ആതിര അറിഞ്ഞിട്ടില്ല.
മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആതി
രയുടെ യാത്ര നീളുകയായിരുന്നു. ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. എന്നാല്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതിയിരിക്കാന്‍ തയാറായില്ല ആതിരയും നിതിനും. യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിംഗിന്റെ സഹായത്തോടെ അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ആതിരയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. ഭര്‍ത്താവിന്റെ മരണം അറിയിക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, വേണ്ട വൈദ്യസഹായം ഒരുക്കുന്നതിന്റെ മുന്നോടിയായാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. ജൂലൈ ആദ്യവാരത്തിലാണ് പ്രസവ തീയതി എങ്കിലും ഭര്‍ത്താവിന്റെ മരണമടക്കമുള്ളവ അറിയുമ്പോഴുണ്ടാകുന്ന, ശാരീരിക പ്രശ്‌നങ്ങള്‍ കാരണം പ്രസവം നേരത്തെ ഉണ്ടാക്കുവാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ കരുതുന്നുണ്ട്.
നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ നിതിന്‍. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ദുബായ് കോ ഓര്‍ഡിനേറ്ററാണ്. ഇന്‍കാസ് യൂത്ത് വിംഗ്, കേരള എമര്‍ജന്‍സി ടീം എന്നിവയുടെ പ്രവര്‍ത്തകനാണ്. എട്ടുമാസം മുന്‍പാണ് നിതിന്‍ അവസാനമായി നാട്ടില്‍ വന്നത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2017ലാണ് വാല്യക്കോട് സ്വദേശി ആതിരയുമായുള്ള വിവാഹം. ദുബായിലെ ഐ.ടി കമ്പനി എന്‍ജിനീയറായിരുന്നു ആതിര.
ആതിരയുടെ നാട്ടിലേക്കുള്ള യാത്ര കഴിഞ്ഞ മാസം ഏറെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മടങ്ങി വരവിനുള്ള ടിക്കറ്റ് ഇന്‍കാസിന്റെ വകയായി സ്വീകരിച്ചതും ഏറെ വിവാദത്തിന് കാരണമായിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്‌നേഹ സമ്മാനമെന്ന് പറഞ്ഞാണ് ഷാഫി പറമ്പില്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയത്. എന്നാല്‍ കഴിവുള്ളവര്‍ക്ക് എന്തിന് ടിക്കറ്റ നല്‍കണം എന്ന് പറഞ്ഞ് ചിലര്‍ ഇത് വിവാദമാക്കി. അതേസമയം, സമ്മാനം സ്വീകരിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നും പകരമായി രണ്ടു പേര്‍ക്കുള്ള ടിക്കറ്റ് തുക നല്‍കുമെന്നും നിതിനും ആതിരയും വ്യക്തമാക്കിയിരുന്നു. ഇന്‍കാസ് മുഖാന്തിരം
നാട്ടിലേക്ക് തിരിക്കും മുമ്പ് അവര്‍ അത്
കൈമാറുകയും ചെയ്തിരുന്നു. ആതിര നാട്ടിലേക്ക് പോയ ശേഷം കോറോണ വളണ്ടിയറായും നിതിന്‍ പ്രവര്‍ത്തിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
നിതിന്റെ ഫ്‌ളാറ്റില്‍നിന്ന് മൃതദേഹം ദുബായ് റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഫലം വന്നതിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പിതാവ്: റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുനിയില്‍ രാമചന്ദ്രന്‍. മാതാവ്: ലത. ഏകസഹോദരി: ആരതി.