മസ്‌കത്ത് - വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ഒമാന്റദ്ദാക്കി.
തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിനോ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്നതിനോ തെളിവ് കൈമാറിയാല്‍ ഇനി മുതല്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാന്‍ സാധിക്കുമെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍വന്നുവെന്ന രീതിയില്‍ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
വിദേശികളുടെ താമസസ്ഥലം സംബന്ധിച്ച നിയമത്തിന്റെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി പോലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ശറൈഖി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ ചില ഭേദഗതികള്‍ വരുത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കില്‍ വിദേശ തൊഴിലാളിയുടെ താമസം മാറ്റത്തിന് തടസ്സമില്ലെന്ന് ഭേദഗതി വരുത്തിയ നിയമം അനുശാസിക്കുന്നുണ്ട്.
ഒരു വിദേശിയെ റിക്രൂട്ട്‌മെന്റ് ലൈസന്‍സുണ്ടെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാവുന്നതാണ്.
പക്ഷേ, തൊഴില്‍ കരാര്‍ അവസാനിച്ചതിനോ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനോ തെളിവ് നല്‍കണമെന്ന വ്യവസ്ഥ ബാധകമാണ്. പുതിയ തൊഴിലുടമയുമായി ഒപ്പിട്ട കരാര്‍ അനുവദിക്കാന്‍ യോഗ്യതയുള്ള സര്‍ക്കാര്‍ അതോറിറ്റിയുടെ അംഗീകാരത്തിന്റെ തെളിവുകളും വിദേശ തൊഴിലാളികള്‍ സമര്‍പ്പിക്കണം. അത് യോഗ്യരായ അതോറിറ്റി നിശ്ചയിച്ച നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായിരിക്കുകയും വേണമെന്ന് ലെഫ്.ജനറല്‍ അല്‍ശറൈഖി പറഞ്ഞു. വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ താമസസ്ഥലം മാറാനും തടസ്സമുണ്ടാകില്ല.