ന്യൂദല്‍ഹി- കോവിഡ് 19 പ്രതിരോധത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് തുറന്നടിച്ച് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയ് മോഡി സര്‍ക്കാറിനെ വിമര്‍ശിച്ചത്.
കൊറോണ വൈറസ്, വാര്‍ ആന്‍ഡ് എംപയര്‍ എന്ന പേരിലാണ് ചര്‍ച്ച നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്നതിലാണ് സര്‍ക്കാറിന് ശ്രദ്ധയെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. എയര്‍പോര്‍ട്ടുകള്‍ അടക്കുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. എന്നാല്‍, എയര്‍പോര്‍ട്ടുകള്‍ അടച്ചില്ല. നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയത്.
കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ല. വലിയ ശിക്ഷയായി ഇന്ത്യയില ലോക്ക്ഡൗണ്‍ മാറിയെന്നും അരുന്ധതി റോയ് പറഞ്ഞു. തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്നു. അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ പലരും കാല്‍നടയായി യാത്ര ചെയ്തു. പലര്‍ക്കും ലോക്ക്ഡൗണ്‍ ദുരിതമായി മാറിയെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചിട്ടും കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ പൂര്‍വസ്ഥിതിയിലാക്കുക എന്നത് ബുദ്ധിമുട്ടാണ്. കൈയില്‍ ഒന്നുമില്ലാതെയാണ് കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലെത്തിയത്. വിദ്യാഭ്യാസം ഓണ്‍ലൈനിലാക്കുമ്പോള്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കില്ലെന്നും അവര്‍ തുറന്നടിച്ചു.