ആദ്യ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങി ഒമാന്‍

മസ്‌കത്ത്- ബഹിരാകാശ പര്യവേക്ഷണ മേഖലയിലേക്ക് കാല്‍വെയ്പ്പ് നടത്താന്‍ ഒമാന്‍ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ദേശീയ ഉപഗ്രഹ പദ്ധതി നടപ്പിലാക്കാനും രാജ്യം ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക, സാങ്കേതിക ഉപദേശ സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ ലേലം വിളിക്കാന്‍ യോഗ്യതയുള്ള അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ ഗവണ്‍മെന്റ് ക്ഷണിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലെ പ്രഥമ ദേശീയ സാറ്റലൈറ്റ് പ്രോഗ്രാം സംഭരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
സുല്‍ത്താനേറ്റിന്റെ ആദ്യ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ പ്രൊജക്ട് വികസിപ്പിക്കാനും നടപ്പാക്കാനുമുള്ള സംരംഭത്തിന് പൂര്‍ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്പേസ് കമ്യൂണികേഷന്‍സ് ടെക്നോളജി എല്‍.എല്‍.സി (എസ്.സി.ടി) ആണ് നേതൃത്വം നല്‍കുന്നത്. ദേശീയ സാറ്റലൈറ്റ് കമ്യൂണികേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിര്‍മിക്കുക, പൊതു സ്വകാര്യ മേഖലകളുടെ ദീര്‍ഘകാല ടെലികമ്യൂണികേഷന്‍ ആവശ്യങ്ങള്‍ക്ക് ഉടനടി ആവശ്യമായ ശേഷികള്‍ വികസിപ്പിക്കുക എന്നതാണ് പ്രൊജക്ടിലെ ഒരു പ്രധാന ഭാഗം.
2023-24 ഓടെ ഒമാനിലെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കുക എന്നതാണ് മസ്‌കത്ത് ആസ്ഥാനമായ എസ്.എസ്.ടിയുടെ പ്രധാന ദൗത്യം. സാറ്റലൈറ്റില്‍ തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്നതിനാണ് പദ്ധതി. ഉപഗ്രഹ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്കായിരിക്കും നിര്‍മാണച്ചുമതല.

 

Latest News