കുവൈത്ത്‌സിറ്റി- കോവിഡ് 19 വ്യാപനം പ്രതിരോധിക്കാന്‍ ക്യൂബയില്‍നിന്ന് 300 ക്യൂബന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്തുവെന്ന് കുവൈത്ത്.
കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ക്യൂബന്‍ മെഡിക്കല്‍സംഘം ഐ.സി.യു വാര്‍ഡുകളില്‍ സേവനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ മുതൈരി പറഞ്ഞു. പല രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ ക്യൂബന്‍ ടീമിന്റെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസം സംഘം കുവൈത്തിലുണ്ടാകും.
300 ക്യൂബന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും കുവൈത്തിലേക്ക് നിയോഗിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യൂബന്‍ അംബാസഡര്‍ ഹൊസെലുസ് നോര്‍വെഗ പറഞ്ഞു. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ കുവൈത്തിലെ സുഹൃത്തുക്കളെയും സഹോദരന്മാരെയും സഹായിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രമാത്രം ശക്തമാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള കുവൈത്തിന്റെ ശ്രമങ്ങളില്‍ ക്യൂബന്‍ മെഡിക്കല്‍ ടീം മുന്‍നിരയിലുണ്ട് എന്നതില്‍ അഭിമാനമുണ്ടെന്നും ഹൊസെലുസ് നോര്‍വെഗ വ്യക്തമാക്കി. കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 717 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോട രാജ്യത്തെ ആകെ കേസുകള്‍ 31,848 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ഇന്നലെ 10 പേര്‍ മരിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 264 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. നിലവില്‍ 196 രോഗികളാണ് ഐ.സി.യുവില്‍ കഴിയുന്നത്. കുവൈത്തില്‍ ഇതുവരെ 3,08,900 കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.